മൂന്നാര്‍: കാഴ്ച്ചയുടെ വർണ്ണവസന്തമൊരുക്കി പുഷ്പമേള ആരംഭിച്ചു. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്വ്വേകുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ പുഷ്പമേള സംഘടിപ്പിക്കുന്നത്. 200ല്‍പരം വ്യത്യസ്ത ഇനങ്ങളിലുള്ള പുഷ്പങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പ്രളയകെടുതിയിൽ നിന്നും മൂന്നാര്‍ കരകയറും മുമ്പേ തുലാമഴയും എത്തി. വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതോടെ മൂന്നാറിലെ വിനോദ സഞ്ചാര മേഖല പാടേ നിശ്ചലമായിരുന്നു. ഇതിന് ശേഷം മൂന്നാറിലേയ്ക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെയാണ് കേരള ഹൈഡല്‍ ടൂറിസം കുമളി മണ്ണാറത്തറ ഗാര്‍ഡന്‍സിന്റെ സഹകരണത്തോടെ പുഷ്പമേള നടത്തുന്നത്.
പുഷ്പമേളയിൽ തായ്ലന്ഡില് നിന്നുള്ള ക്രിസാന്തമം, ടൊറേനിയം, ഇംപേഷ്യന്‍സ്, സീനിയ എന്നീ ഇനങ്ങളില്‍ വിവിധ നിറങ്ങളിലുള്ള പൂക്കളും, സലേഷ്യ, മേരി ഗോള്‍ഡ്, ലെന്റാന, പെട്രാന്തസ്, ഡയന്തസ്, അള്ട്രാന്തസ് തുടങ്ങിയ നാടന്‍ ഇനങ്ങള്‍ ഉള്‍പ്പെടെ 200ല്‍ പരം പുഷ്പങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് അക്വാ ഷോ, കുട്ടികള്‍ക്കായുള്ള വിവിധ വിനോദങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നുമാസം നീണ്ടു നില്ക്കുന്ന മേള ജനുവരി 31ന് അവസാനിക്കും
Post Your Comments