Latest NewsKerala

ഷബ്‌ന തിരോധാനം : അന്വേഷണത്തിന് പുതിയ സംഘം

ബീച്ചിലുണ്ടായിരുന്നുവെന്ന് സിസി ടിവി ദൃശ്യം : പിന്നീട് ഷബ്‌ന എവിടെ പോയി എന്നതിന് തെളിവില്ല

അഞ്ചാലുംമൂട് : തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി ഷബ്‌നയുടെ (18) തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വഴിമുട്ടി. പുതിയ അന്വേഷണ സംഘത്തിനു കേസ് കൈമാറി. ഓഗസ്റ്റ് 17ന് ആണ് നീരാവില്‍ ആണിക്കുളത്തു ചിറയില്‍വീട്ടില്‍ ഇബ്രാഹിമിന്റെ മകള്‍ ഷബ്‌നയെ കൊല്ലം ബീച്ച് പരിസരത്തു നിന്നും കാണാതാകുന്നത്. പിഎസ്സി കോച്ചിങ്ങിനായി കടവൂരിലേക്കു പോയ ഷബ്‌നയെ കൊല്ലം ബീച്ചിനു സമീപം കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണു സ്ഥിരീകരിച്ചത്.

ബാഗും ബീച്ച് പരിസരത്തു നിന്നു ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്താണു സംഭവിച്ചതെന്നു മാത്രം ഇനിയും കണ്ടെത്താനായിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തിയിരുന്നു. ഷബ്‌നയുമായി അടുപ്പമുണ്ടായിരുന്നുവെന്നു പറയുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇയാള്‍ വാങ്ങിനല്‍കിയതായി പറയുന്ന മൊബൈല്‍ ഫോണ്‍ വീട്ടിലെ ഷെയ്ഡിന്റെ മുകളില്‍ നിന്നു ലഭിച്ചിരുന്നു. കാണാതാകുന്ന ദിവസം രാവിലെയും ആ ഫോണില്‍ നിന്നു യുവാവിനെ ഷബ്‌ന വിളിച്ചിരുന്നു.എന്നാല്‍ ഷബ്‌നയുടെ തിരോധാനത്തില്‍ യുവാവിന്റെ പങ്ക് തെളിയിക്കാനായിട്ടില്ല.അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള പൊലീസ് നീക്കത്തിനു യുവാവിന്റെ സമ്മതമില്ലാത്തതിനാല്‍ കോടതി അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ യുവാവിനെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നു കോടതി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഷബ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണം പുതിയ സംഘത്തിനു കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button