ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയക്ക് നീതി ലഭിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടി രേവതി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ രേവതി നടത്തിയ ഒരു പ്രസ്താവനയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 26 വര്‍ഷം മുന്‍പ് 17 വയസായ ഒരു പെണ്‍കുട്ടി ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്നുപറഞ്ഞ് രാത്രി തന്റെ മുറിയുടെ വാതിലില്‍ മുട്ടിയെന്നായിരുന്നു രേവതിയുടെ വാക്കുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ വെളിപ്പെടുത്തി വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീശബ്ദരങ്ങള്‍ ഉയരുന്ന മീ ടു കാമ്പെയ്ന്‍ ചര്‍ച്ച ചെയ്യുന്ന സമയമമായതിനാലാകും ഈ വാക്കുകള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു.
അതേസമയം രേവതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനും കേസ് നല്‍കുന്നതിലും വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. രേവതിക്കെതിരെ പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല , ഇത്രകാലവും അത് മറച്ചു വച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. രേവതിയെ കമീഷന്‍ വിളിച്ചു വരുത്തണം എന്നും നിയമനടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ഉണ്ട്. കോഴിക്കോട് കുന്നമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ആണ് പരാതി നല്‍കിയത്.
തന്റെ പ്രസ്താവന വിവാദമായതോടെ രേവതി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡന ശ്രമമുണ്ടായത് മറച്ചുവെച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി കിട്ടിയതിനെ തുടര്‍ന്നാണ് തൊട്ടടുത്ത ദിവസം തന്നെ നടി വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം
താന്‍ സൂചിപ്പിച്ച സംഭവത്തില്‍ ലൈംഗിക പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ലെന്നും 26വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവമാണതെന്നും അവര്‍ പറഞ്ഞു. 17 വയസായ പെണ്‍കുട്ടി രാത്രി തന്റെ വാതിലില്‍ മുട്ടിയ സംഭവം പരാമര്‍ശിക്കേണ്ടി വന്നത് സിനിമ മേഖലയിലെ അരക്ഷിത അവസ്ഥയെ കുറിച്ച് സൂചിപ്പിക്കാന്‍ മാത്രമാണെന്നും രേവതി പറഞ്ഞു.
തന്റെ മനസിനെ എന്നും വിഷമിപ്പിച്ച സംഭവമായിരുന്നു അതെന്നും വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചു പരാമര്‍ശം വന്നപ്പോള്‍ ഇന്നും ആ സംഭവത്തിന് പ്രസക്തിയുണ്ടെന്നു മനസിലാക്കി പറഞ്ഞതാണെന്നുും രേവതി വിശദീകരിച്ചു. അന്ന് ആ പ്രായത്തില്‍ അതു പുറത്തറിയിക്കാനൊന്നുമുള്ള ധൈര്യമെനിക്കുണ്ടായിരുന്നില്ലെന്നും രേവതി വ്യക്തമാക്കി. പൊതുവേ ചലച്ചിത്രമേഖലയില്‍ വ്യക്തിത്വം പതിപ്പിച്ച നടിമാരില്‍ ഒരാളാണ് രേവതി. കൂട്ടത്തിലൊരാള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ മാത്രമല്ല പ്രതികരിക്കേണ്ടതെന്നും കണ്‍മുന്നില്‍ നടന്ന സംഭവത്തില്‍ നിശബ്ദയായതിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം അത് വിളിച്ചുപറയുന്നത് അവസരവാദമാണെന്നും രേവതിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. എന്തായാലും ആലോചനശൂന്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നവര്‍ക്കുള്ള ഒരു താക്കീതാണ് രേവതിയുടെ അനുഭവം കാണിച്ചുതരുന്നത്. വ്യക്തിക്കെതിരെ ആയാലും ഏതെങ്കിലും സംഭവത്തിലായാലും പ്രതികരിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
അന്ന് ആ സംഭവം തുറന്നു പറയാന്‍ അധൈര്യം കാണിച്ച നടി ഇപ്പോള്‍ പ്രായവും അനുഭവങ്ങളും നല്‍കുന്ന കരുത്തില്‍ ഏത് സിനിമയുടെ ലൊക്കേഷനായിരുന്നെന്നും ആരില്‍ നിന്ന് രക്ഷപ്പെട്ടാണ് ആ പെണ്‍കുട്ടി ഓടിയെത്തിയതെന്നും വ്യക്തമാക്കണമായിരുന്നു. അന്ന് അതിനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല എന്ന് പറയുന്ന നടി ഇന്നും അതിനുള്ള ധൈര്യം അവര്‍ക്കില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. അല്ലെങ്കില്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചുനിന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അവര്‍ നടത്തുമായിരുന്നു. എന്തായാലും താരസംഘടനയായ അമ്മയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് രേവതിയും മറ്റ് നടിമാരും ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനം വലിയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് രൂപീകരിച്ച ഡബ്ല്യുസിസി എന്ന വനിതസംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. ഇവര്‍ ഉന്നയിച്ച ആരോപണങ്ങളെ ശക്തമായി ചെറുക്കാനാണ് താരസംഘടനയായയ അമ്മയുടെ തീരുമാനം. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളുടെ ആവശ്യകതയും സത്യസന്ധതയും തെളിയിക്കാനുള്ള ഉത്തരവാദിത്തം കൂടി ഡബ്യുസിസിയ്ക്കുണ്ട്. പ്രത്യേകിച്ചും ഈ സംഘടനയുടെ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍. അതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ വിഷയത്തില്‍ നിന്ന് അകന്നു പോകാതിരിക്കാനും നിലപാടുകളില്‍ അയവു വരാതിരിക്കാനും രേവതി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Leave a Comment