Latest NewsIndia

സ്ത്രീകളുടെ തുറന്ന് പറച്ചിലിന്റെ ധൈര്യത്തിന് പിറന്നാള്‍; ഒരു വയസ്സിന്റെ നിറവില്‍ മീ ടു

ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്.

മുറിവേല്‍ക്കപ്പെട്ടവരുടെ മുന്നേറ്റമെന്ന് അറിയപ്പെടുന്ന മീ ടൂ ക്യാമ്പയിന് ഇന്ന് ഒരു വയസ് തികഞ്ഞിരിക്കുന്നു. മീ ടൂ സദുദ്ദേശ്യത്തോടെ ഹോളിവുഡില്‍ രൂപംകൊണ്ട അതിനവീന സ്ത്രീമുന്നേറ്റത്തിന്റെ മാതൃകയാണ്. ക്യാമ്പയിനിന്റെ അന്തസത്ത, സത്യസന്ധമായ തുറന്നുപറച്ചിലാണ്; വ്യക്തിഹത്യയല്ല. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മീ ടു ഹാഷ്ടാഗ് ആദ്യം ഉപയോഗിച്ചത് നടി അലീസ മിലാനോയാണ്. വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും സ്വകാര്യതയും അന്തസും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ അമേരിക്കന്‍/യൂറോപ്യന്‍ സമൂഹത്തില്‍നിന്നു മീ ടൂ ക്യാമ്പയിന്‍ ബോളിവുഡും കടന്ന് രാജ്യത്തെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവത്തകരെയും പിടിച്ചു കുലുക്കി കേരളത്തിലുമെത്തി.

എന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമത്തിന് നിങ്ങള്‍ ഇരയായിട്ടുണ്ടെങ്കില്‍ മീടൂ എന്ന് സ്റ്റാറ്റസിടുക. ഇത് എത്രമാത്രം വ്യാപിച്ചിരിക്കുന്നു പ്രശ്‌നമെണെന്ന് നമുക്കീ ലോകത്തെ അറിയിക്കണം, ഹോളിവുഡ് നടി അലീസ മിലാനോ 2017 ഒക്ടോബര്‍ 15 ന് ഇട്ട ട്വീറ്റ് ചാരത്തില്‍ പുതഞ്ഞു കിടന്ന തീപ്പൊരി പോലെയായിരുന്നു. പ്രധാനമായും തൊഴിലിടങ്ങളില്‍ തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയാനായി ആദ്യ 24 മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം ഹാഷ്ടാഗ് ഉപയോഗിച്ചത് 47 ലക്ഷം പേര്. അതിനും ശേഷം ഒരു മാസം കഴിഞ്ഞാണ് ഇന്ത്യയില്‍ ക്യാമ്പയിന്‍ ഒരു തീപൊരിയുമായി എത്തിയത്. യുഎസില്‍ നിയമവിദ്യാര്‍ഥിയായ റായ സര്‍ക്കാര്‍ , പുറത്തുവിട്ട മീ ടു വില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന 60-ഓളം പ്രമുഖരുടെ പേരും അവരാല്‍ അനുഭവിക്കേണ്ടി വന്ന പീഡന കഥകളുമുണ്ടായിരുന്നു.പിന്നാലെ ബോളിവുഡ് താരം തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ തുടങ്ങിവെച്ച വെളിപ്പെടുത്തല്‍ കാട്ടു തീ പോലെ പടര്‍ന്നു. കേന്ദ്രമന്ത്രി എം.ജെ അക്ബറിന്റെ കസേരയിളകുന്നതിന്റെ അടുത്ത് വരെ എത്തി നില്‍ക്കുന്നു ഇന്ന് മീ ടൂ. മാധ്യമപ്രവര്‍ത്തകരിലും മീ ടൂവിന്റെ ചൂടറഞ്ഞവരിലുണ്ട്.

ഇതിനിടയില്‍ മലയാള നടനും എം.എല്‍.എയുമായ മുകേഷിനെതിരെ സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ്സ് ജോസഫ് ഉന്നയിച്ച ആരോപണം ഒരു സജീവ ചര്‍ച്ചയാണിപ്പോഴും. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന പദ്മിനിയും ക്യാമ്പയിന്റെ ഭാഗമായി തുറന്ന് പറച്ചില്‍ നടത്തി. ഒരു സുപ്രഭാതത്തില്‍ വൈരാഗ്യമുള്ള പുരുഷനെതിരെ യാതൊരു തെളിവുമില്ലാതെ സോഷ്യല്‍ മീഡിയകള്‍ വഴി കരി വാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദങ്ങളും ഇതിനിടെ ഉയരുന്നുണ്ട്.പലരും ചേര്‍ന്ന് മിണ്ടാട്ടം മുട്ടിച്ചവര്‍ക്ക് വാ തുറന്ന് കാര്യങ്ങള്‍ പറയാന്‍ കിട്ടിയ ചങ്ങാതിയാണ് മീടു ക്യാമ്പയിനും സോഷ്യല്‍ മീഡിയകളുമെന്ന അഭിപ്രായമാണ് പൊതുവായി എല്ലാവരും പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ കമലഹാസനും മിഷേല്‍ ഒബാമയും മേനക ഗാന്ധിയും പോലെ നിരവധി സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മീ ടൂ വിനെ പിന്തുണച്ച രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ, തന്റെ ഒരു കാലത്തെ നിസഹായത, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ അവള്‍ ശാക്തീകരിക്കപ്പെട്ടപ്പോള്‍ വെളിപ്പെടുത്തുന്നു, നിറം ചേര്‍ക്കലും ഏച്ചുകെട്ടലുമില്ലാതെ. ഈ സ്വാതന്ത്ര്യം മാനിക്കപ്പെടണം. മീ ടൂവിന്റെ ആത്മാര്‍ഥതയെയും സത്യസന്ധതയേയും പിന്തുണയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button