അഹമ്മദാബാദ്: ഉത്സവാഘോഷത്തിനിടയില്‍ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് ആദ്യഭര്‍ത്താവിനെ യുവതിയുടെ രണ്ടാം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ആദ്യഭര്‍ത്താവിന്‍റെ മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ വദാജിലായിരുന്നു സംഭവം. തന്‍റെ ആദ്യ ഭാര്യയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് കാണിച്ച് പോലീസില്‍ 29 കാരനായ ഹരേഷ് ലാല്‍വാണി എന്നയാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
വദാജിലെ സൊഹ്‌റാബ്ജി വളപ്പില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഹരേഷ് ലാല്‍വാണി നാലു വര്‍ഷം മുമ്പാണ് മനീഷയെ വിവാഹം കഴിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇവര്‍ വിവാഹമോചനവും നേടി. അതിന് ശേഷം മനീഷയെ അശോക് ദുര്‍ഗേഷ് തേജ്വാനി എന്നയാളാണ് വിവാഹം കഴിച്ചത്. ശനിയാഴ്ച രാത്രിയില്‍ സ്വന്തം വീടിന് മുന്നില്‍ ഗര്‍ബാ ആഘോഷം നടക്കുമ്പോള്‍ മനീഷയും അവിടെ ഗര്‍ബയുമായെത്തി.
എന്നാൽ ഹരേഷ് ലാല്‍വാണി മനീഷയെ നോക്കുന്നത് കണ്ടുകൊണ്ടാണ് ഭര്‍ത്താവ് അശോക് ദുര്‍ഗേഷ് തേജ്വാനി എത്തിയത്. അയാള്‍ക്ക് ഇത് ഇഷ്ടമായില്ല. തുടര്‍ന്ന് യാതൊരു കാരണവുമില്ലാതെ വഴക്ക് കൂടിയെന്നും മര്‍ദ്ദിച്ചെന്നും ലാല്‍വാണി പറയുന്നു. ഭാര്യയെ തുറിച്ചു നോക്കിയ ലാല്‍വാണിയുടെ തലയില്‍ കയ്യിലിരുന്ന വടികൊണ്ട് അശോക് പ്രഹരിക്കുകയായിരുന്നു. അടിയേറ്റ് ലാല്‍വാണിയുടെ തലയില്‍ നിന്നും രക്തം വന്നു.
സംഭവം അറിഞ്ഞ ലാല്‍വാണിയുടെ കുടുംബാംഗങ്ങള്‍ അവിടേയ്ക്ക് പാഞ്ഞെത്തുകയും ലാല്‍വാണിയെ വെറുതേ വിടാന്‍ തേജ്വാനിയോട് പറയുകയും ചെയ്തു. എന്നാല്‍ നിര്‍ത്താന്‍ കൂട്ടാക്കാതെ തേജ്വാനി അവിടേയ്ക്ക് എത്തിയ മൂന്ന് പേരെ കൂടി മര്‍ദ്ദിച്ചു. ഇവര്‍ക്കെല്ലാം പരിക്കേറ്റിരിക്കുകയാണ്. പിന്നാലെ അവിടെ എത്തിയ തേജ്വാനിയുടെ പിതാവ് ദുര്‍ഗേഷ് ലാല്‍വാണിയോടും കുടുംബാംഗങ്ങളോടും അവിടം വിട്ടു പോകണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞു. തേജ്വാനിക്കും പിതാവിനുമെതിരേ പോലീസ് കേസെടുത്തു.
Post Your Comments