Latest NewsGulf

തങ്ങളെ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി

ഇസ്താംബുള്‍: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഗോഷിയെ കാണാതായ സംഭവം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ. തങ്ങള്‍ക്കെതിരെ ഉയരുന്ന സാമ്പത്തിക, രാഷ്ട്രീയ ഭീഷണികളെ ഭയമില്ലെന്ന് സൗദി അറേബ്യ പ്രതികരിച്ചു. ഏത് ഭീഷണിയെ നേരിടാനും സര്‍ക്കാര്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ടെക് ഭീമന്‍മാരും മാദ്ധ്യമങ്ങളും സൗദിയില്‍ നിന്ന് അകന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

അതേസമയം, ജമാല്‍ ഖഷോഗിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ശബ്ദശകലം തങ്ങള്‍ക്ക് ലഭിച്ചതായി തുര്‍ക്കി വ്യക്തമാക്കി. ഖഷോഗി ധരിച്ചിരുന്ന ആപ്പിള്‍ വാച്ചില്‍ നിന്നാണ് ഓഡിയോ ക്ലിപ് ലഭിച്ചതെന്ന് തുര്‍ക്കി പത്രമായ സബ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലേറ്റിലേക്ക് കയറും മുമ്പ് പ്രതിശ്രുത വധുവിന്റെ കൈയില്‍ ഖഷോഗി ഏല്പിച്ച ഫോണിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ഐ ക്ലൗഡ് അക്കൗണ്ട് ഉപയോഗിച്ചാണ് ശബ്ദശകലം കണ്ടെത്തിയത്. സൗദിയുടെ 15 അംഗ കൊലപാതക സംഘമാണ് കൃത്യത്തിനു പിന്നിലെന്നും തുര്‍ക്കി ആരോപിച്ചു.

സൗദി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ഖഷോഗിയെ ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. തുടര്‍ന്ന് ഖഷോഗി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സൗദിയാണ് ഖഷോഗിയുടെ തിരോധാനത്തിനു പിന്നിലെങ്കില്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് സൗദി നേരിടുന്നത്. ഇതിനെത്തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമായ സൗദിയിലെ ഓഹരി വിപണികളില്‍ തിരിച്ചടി നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button