കണ്ണൂർ: ആത്മഹത്യാ ഭീഷണി മുഴക്കാൻ കെട്ടിടത്തിൽ കയറിയ യുവാവിന് വീണു പരിക്കേറ്റു. ഇരുനില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഒടുവിൽ അരയടി മാത്രം വീതിയുള്ള സൺഷേഡിൽ നിന്നു കാൽതെന്നി താഴേയ്ക്കു വീഴുകയായിരുന്നു.
യുവാവിനെ അഗ്നി ശമന സേന വിരിച്ച വലയിൽ കുരുക്കി രക്ഷപ്പെടുത്തി. പന്തൽ തൊഴിലാളിയായ കൊറ്റാളി സ്വദേശി കബീർ (25) ആണു കക്കാട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് ഓഫിസ് പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തിൽ കയറി ഭീഷണി മുഴക്കിയത്.
ഭീഷണി മുഴക്കുന്നതായുള്ള വിവരമറിഞ്ഞ് 8.15ന് അഗ്നിശമന സേനയും പൊലീസും എത്തി കെട്ടിടത്തിനു താഴെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. കടമുറികളുള്ള രണ്ടാം നിലയിൽ കെട്ടിടത്തിന്റെ ചുമരിനു പുറത്ത് അരികിലും പിൻവശത്തുമായുള്ള വീതി കുറഞ്ഞ സൺഷേഡിൽ കയറിയായിരുന്നു ഭീഷണി.
യുവാവ് മുൻവശത്തെ വരാന്തയുടെ ഭാഗത്തേക്കു നടന്നു വരുന്നതിനിടെയാണു കാൽതെന്നി താഴെ വീണത്. യുവാവ് നിലയുറപ്പിച്ച ഭാഗത്ത് അഗ്നിശമന സേന വല വിരിച്ചതു രക്ഷയായി. നിസ്സാര പരുക്കേറ്റ യുവാവിനു ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. ഫയർമാൻ സന്ദീപിനും സാരമായി പരിക്കേറ്റു.
Post Your Comments