കൊച്ചി: കടലിലെ ഭീമന് തിമിംഗല സ്രാവിന് രക്ഷകരായത് മത്സ്യത്തൊഴിലാളികള്‍. വന്‍നഷ്ടം സഹിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ഇതിനെ രക്ഷപ്പെടുത്തിയത്. തങ്ങളുടെ വലയില്‍ കുരുങ്ങിയ തിമിംഗല സ്രാവ് വംശനാശ ഭീഷണി നേരിടുന്നതാണെന്ന് മനസിലാക്കിയ മലപ്പുറം താനൂരിലെ മല്‍സ്യത്തൊഴിലാളികള്‍ അതിനെ തിരിച്ച് കടലിലേക്ക് വിടുകയായിരുന്നു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും കൊച്ചിന് ഷിപ്യാഡിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ‘തിമിംഗല സ്രാവ് സംരക്ഷണ യജ്ഞ’ത്തിന്റെ ഭാഗമായി ആദ്യമായാണ് കേരള തീരത്തു കടല്‍ ഭീമനെ രക്ഷപ്പെടുത്തുന്നത്.
ഒരു ടണ്ണുള്ള തിമിംഗല സ്രാവ് വലയില്‍ കുരുങ്ങിയതോടെ മീന്‍പിടിത്തം നിര്‍ത്തി തിരിച്ചുപോരേണ്ടിവന്നു ഇവര്‍ക്ക്. അബ്ദുല്‍ സലാം, അഷ്കര്‍, ഹനീഫ, ലത്തീഫ്, സിദ്ദിഖ്, റാഫി തുടങ്ങി 18 പേരുടെ സംഘമാണ് സ്രാവിന്റെ രക്ഷകരായത്. കടലിലായിരിക്കെ വല പൊട്ടിക്കാന്‍ നിവൃത്തിയില്ലാതിരുന്നതിനാല്‍ തീരത്ത് എത്തിച്ചാണ് വല അറുത്ത് മുറിച്ചത്. സ്വതന്ത്രമാക്കിയശേഷം മല്‍സ്യത്തെ തിരികെ കടലിലേക്കു വലിച്ചുകൊണ്ടുപോയി വിടുകയായിരുന്നു. വലയില്‍ കുരുങ്ങിയ നിലയില്‍ മുമ്പും തിമിംഗല സ്രാവിനെ തീരത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.
Post Your Comments