ഗുഡ്ഗാവ്: ഗണ്‍മാന്റെ വെടിയേറ്റ് ചികിത്സയില്‍ ആയിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. മകന്‍ ധ്രുവ് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഗുഡഗാവ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കാന്ത് ശര്‍മയുടെ ഭാര്യ റിതു(38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗണ്‍മാന്‍ മഹിപാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് 3.30ന് എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ ആക്രമണമുണ്ടായത്. ആദ്യം റിതുവിനെ വെടിവെച്ച ശേഷം പിന്നീട് മകനെതിരെയും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം ധ്രുവിനെ വലിച്ചിഴച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ ശ്രമം വിഫലമായതോടെ ഇയാള്‍ കാറുമായി കടന്നു.
തുടര്‍ന്ന് ജഡ്ജിയെ ഫോണില്‍ വിളിച്ച് ഭാര്യയെയും മകനെയും വെടിവച്ചിട്ടിട്ടുണ്ടെന്നു മഹിപാല്‍ പറഞ്ഞു. പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഇയാള്‍ അവിടെയും വെടിയുതിര്‍ത്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മഹിപാല്‍ കടന്നുകളഞ്ഞു. നാട്ടുകാരാണ് ജഡ്ജിയുടെ ഭാര്യയെയും മകനെയും ആശുപത്രിയിലെത്തിച്ചത്. രണ്ടു വര്‍ഷമായി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണു മഹിപാല്‍.
ഇയാള്‍ വിഷാദരോഗിയായിരുന്നെന്നു പോലീസ് സംശയിക്കുന്നു. ജഡ്ജിയുടെ വീട്ടുകാരില്‍നിന്നുണ്ടായ ദുരനുഭവങ്ങളാകാം പ്രകോപനത്തിനു കാരണമെന്നും അനുമാനമുണ്ട്. മാര്‍ക്കറ്റില്‍ മഹിപാല്‍ നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പിന്നീട് വൈറലായി.
Post Your Comments