Latest NewsKeralaIndia

തീര്‍ത്ഥാടനകാലം എത്തുന്നു ; ഒരുക്കങ്ങളൊന്നുമാകാതെ പമ്പയും നിലയ്ക്കലും

മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നു

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കല്‍ എത്തിയിട്ടും ഒരുക്കങ്ങള്‍ ഒന്നുമാകാതെ പമ്പയും നിലയ്ക്കലും. തുലാമാസ പൂജയ്ക്ക് നടതുറക്കാന്‍ മൂന്ന് ദിവസവും മണ്ഡലതീര്‍ഥാടനകാലത്തിന് കേവലം 34 ദിവസവും മാത്രമാണ് അവശേഷിക്കുന്നത്. മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് യൂവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിയും വിവാദങ്ങളും ഉടലെടുത്തത്.

ഇതോടെ വിവാദങ്ങളില്‍ മാത്രമായി സര്‍ക്കാരിന് ശ്രദ്ധ. വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും രണ്ട് തട്ടിലായതോടെ ഒരുക്കങ്ങളും പ്രതിസന്ധിയിലായി. പ്രളയക്കെടുതിയിലായ പമ്പയിലെ ക്രമീകരണങ്ങള്‍ ഇത്തവണ ഒന്നുമുതല്‍ തുടങ്ങണമെന്നതിനാല്‍ കൂടുതല്‍ സമയവും സാങ്കേതികോപദേശവും ആവശ്യമാണുതാനും. എന്നാല്‍ വിവാദങ്ങള്‍ തുടങ്ങിയതോടെ ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയായി. നിലവിലെ വിവാദങ്ങള്‍ ഒഴിയാതെ ശബരിമലയിലേക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.

തുലാമാസ പൂജക്ക് 17നും മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 16 നുമാണ് നടതുറക്കുന്നത്. പ്രളയത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന മണല്‍ നീക്കുന്ന ജോലികള്‍ മാത്രമാണ് കഴിഞ്ഞ ഒരു മാസമായി പമ്പയില്‍ നടക്കുന്നത്. മുംബൈ കേന്ദ്രമായ ടാറ്റാ പ്രോജക്‌ട് ലിമിറ്റഡിന് പമ്പയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു നല്‍കിയിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കുന്ന ജോലികള്‍ പോലും കൃത്യമായി നടത്താനാകാത്ത സ്ഥിതിയാണ്.

പമ്പയിലെ സ്നാനഘട്ടം ഒരുക്കുന്നതിന് ത്രിവേണി മുതല്‍ ചെറിയാനവട്ടം വരെയുള്ള ഭാഗത്തു നദിയില്‍ നിന്നു മണല്‍ നീക്കിവരികയാണ്. എന്നാല്‍ ഇടയ്ക്കു മഴ പെയ്തു വെള്ളം കൂടുകയും മണ്ണ് വീണ്ടും ഒഴുകിയെത്തുകയും ചെയ്യുന്നത് പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി. പമ്പയില്‍ സ്ത്രീകള്‍ക്കായി പിങ്ക് ടോയ്ലറ്റുകളും കുളിക്കടവുകളും ഒരുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം.

പമ്ബമ്പയില്‍ നിലവില്‍ പുരുഷന്‍മാര്‍ക്കു പോലും ടോയ്ലറ്റുകള്‍ ഇല്ലാത്ത സ്ഥിതിയാണ്. മൂന്ന് ടോയ്ലറ്റ് കോംപ്ലക്സുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതോടൊപ്പം 50,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും പ്രളയമെടുത്തു. ചെറിയാനവട്ടം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും കുടിവെള്ള വിതരണത്തിനുള്ള കിയോസ്‌ക്കുകളും തകരാറിലാണ്.

പമ്പയില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞത്.കഴിഞ്ഞ മാസം പൂജാവേളയില്‍ ടോയ്ലറ്റുകളില്‍ വെള്ളമില്ലാതെ അയ്യപ്പഭക്തര്‍ വലഞ്ഞിരുന്നു. വാഹനങ്ങളില്‍ വെള്ളമെത്തിച്ച്‌ ടാങ്കുകളില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് തീര്‍ഥാടനകാലത്ത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയും ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button