KeralaLatest News

ഗോപാലകൃഷ്ണനെതിരെ കേസെടുക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം•വനിതാ നേതാക്കള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ശബരിമല വിഷയത്തില്‍ അഡ്വ. പി സതീദേവിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കണം.

സുപ്രീംകോടതി വിധിയനുസരിച്ച് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് പുരോഗമനവാദികളായ നിരവധിപേര്‍ രംഗത്തെത്തി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. കേരള സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഇതിനെതിരെ ജനങ്ങളെ ഇളക്കിവിട്ട് വൈകാരികമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയും അടക്കം നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇവരെല്ലാം തന്നെ സ്ത്രീകളുടെ അവകാശ നിഷേധം, സ്ത്രീകള്‍ക്ക് നേരെയുള്ള അവഹേളനം എന്നിവയ്‌ക്കെതിരെ രംഗത്തുവരികയും കോടതിവിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്. ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ എം.പി. പി.കെ. ശ്രീമതി ടീച്ചര്‍, കേരള വനിത കമ്മീഷന്‍ ചെയര്‍മാന്‍ എം.സി. ജോസഫൈന്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തുടങ്ങിയ നിരവധിപേര്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

ഇവരെയെല്ലാം കടന്നാക്രമിച്ച് നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ സൈബര്‍ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കണം. രാഷ്ട്രീയലക്ഷ്യം മനസില്‍ വച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നേരെ എന്തും വിളിച്ചു പറയുന്ന അവസ്ഥ അനുവദിച്ചുകൂട. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരള ജനത മുന്നോട്ട് വരണം. നമുക്ക് കേരളത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് വേണ്ടത്. സാമൂഹ്യനീതി നിഷേധിക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button