തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.
നഗരസഭാ ഓഫീസിന് തൊട്ടടുത്ത് ലായം റോഡരികിൽ പ്രവർത്തിക്കുന്ന എൻഎം ഫുഡ് വേൾഡ്, കിഴക്കേകോട്ടയിലെ ഹോട്ടൽ സിയോൺ, ഹോട്ടൽ ചിലങ്ക, ബസ് സ്റ്റാൻഡിന് സമീപമുള്ള നാടൻ ഫാസ്റ്റ് ഫുഡ്, ഫ്രണ്ട്സ് നാടൻ ഉച്ചഭക്ഷണക്കട എന്നീ ഹോട്ടലുകളിൽ ഇന്നലെ നഗരസഭയും ആരോഗ്യവകുപ്പ് അധികൃതരും നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
ഇവയിലധികവും ഒരാഴ്ചയിലേറെ പഴക്കമുള്ള വിവിധ തരത്തിലുള്ള വറുത്തതും പൊരിച്ചതുമായ മാംസ വിഭവങ്ങൾ, മീൻകറി, മത്സ്യം വറുത്തത്, കോഴി പൊരിച്ചത്, വിവിധ തരം പലഹാരങ്ങൾ, പഴകിയ ചോറ്, സാമ്പാർ തുടങ്ങി പഴകിയതും പുഴുവരിച്ചതുമായ ഭക്ഷ്യസാധനങ്ങളാണ് നഗരസഭാ അധികൃതർ കണ്ടെത്തിയത്.
പിടിച്ചെടുത്ത ഭക്ഷ്യവിഭവങ്ങൾ ഹോട്ടലുകളുടെ പേരുവിവരങ്ങളടക്കം അധികൃതർ നഗരസഭാകവാടത്തിൽ പ്രദർശിപ്പിച്ചു. ഈ ഹോട്ടലുകൾക്ക് നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്.
Post Your Comments