KeralaLatest News

ശബരിമല വിഷയത്തില്‍ പരിഹാസവുമായി എം എം മണി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച്‌ മന്ത്രി എം എം മണി. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബിജെപി എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ചെന്നിത്തലയ്ക്കും കെ സുധാകരനും ബിജെപി ജ്വരം ബാധിച്ചെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി. എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖരായ പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ലമെന്റ് ഇലക്ഷനു മുന്‍പ് ബി.ജെ.പി.യിലെത്തും എന്ന് ബി.ജെ.പി. പ്രസിഡന്റ് ശ്രീധരന്‍ പിള്ള അടിക്കടി പറയുന്നത് ഈ അവസരത്തില്‍ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ബി.ജെ.പി. യുടെ വര്‍ഗ്ഗീയ ഫാസിസത്തിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, കേരളത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ബി.ജെ.പി.യുടെ ആശയം നടപ്പിലാക്കാന്‍ നിയോഗിച്ചവരെപ്പോലെയാണ്. ആര്‍.എസ്.എസ്സുകാര്‍ കൊടുത്ത ഹര്‍ജിയിലാണ് ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി വിധി ഉണ്ടായതെന്ന കാര്യവും, ഈ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ് എന്ന സത്യവും സൗകര്യപൂര്‍വ്വം മറച്ചുവച്ച്‌ ഒരു വിഭാഗം ജനങ്ങളെ കബളിപ്പിക്കുകയാണ് ബി.ജെ.പി. നേതൃത്വം ഇപ്പോള്‍
ചെയ്തുകൊണ്ടിരിക്കുന്നത്. ‘ശരണ മന്ത്രം ചൊല്ലിയുള്ള സമരം’ എന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നതെങ്കിലും, വളരെ പ്രതിഷേധാര്‍ഹവും, കേരള ജനത ലജ്ജിച്ചുപോയതുമായ രീതിയില്‍ ബഹുമാന്യനായ മുഖ്യമന്തിയെത്തന്നെ ജാതിപ്പേര് ചേര്‍ത്ത് തെറിവിളിക്കുന്ന ദൃശ്യങ്ങള്‍ വരെ നമ്മള്‍ കണ്ടതാണല്ലോ. ഇതില്‍നിന്നു തന്നെ ഈ സമരത്തില്‍ക്കൂടി അവര്‍ ഉദ്ദേശിക്കുന്നതെന്തെന്നും, ഈ സമരം ആര്‍ക്കു വേണ്ടിയാണ് എന്നതും മനസ്സിലാക്കാവുന്നതാണ്. ഈ അവസരത്തിലാണ് ഇത്തരം സമരങ്ങളില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് അവരുടെ കൊടി ഉപേക്ഷിച്ച്‌, ബി.ജെ.പി. യുടെ നേതൃത്വത്തില്‍ മറ്റ് വര്‍ഗ്ഗീയ കക്ഷികളുമായി ചേര്‍ന്ന് നടത്തുന്ന സമര പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അനുവാദം കൊടുത്തിരിക്കുന്നത്. അതായത് ബി.ജെ.പി.യുടെ കൊടിക്കീഴില്‍ അണിനിരക്കാനുള്ള മൗനാനുവാദം. ‘രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും’ എന്ന ചൊല്ലു പോലെ ബി.ജെ.പി. ജ്വരം ബാധിച്ച ചെന്നിത്തലയും, സുധാകരനും മററും വളരെനാളായി ആഗ്രഹിച്ചിരുന്നതും ഇത് തന്നെയാണ്. കോണ്‍‍ഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ത്തന്നെ തിരിച്ചെത്തുമെന്നതില്‍ ഉറപ്പില്ല. ഇത് ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായി അറിയാമായിരുന്നിട്ടും സ്വന്തം പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുന്ന ഒരു നിലപാട് എടുത്തതിന്റെ രഹസ്യം എന്താണെന്നറിയാന്‍ പാഴൂര്‍പ്പടി വരെ പോകേണ്ടതില്ല.

Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button