ന്യൂഡല്‍ഹി: വിങ് കമാന്‍ഡറായി വിരമിച്ച വ്യാമസേനാ ഉദ്യോഗസ്ഥന്‍ ജെ പി ബാദുനിയാണ് ഭാര്യ വിധുവിന്റെ സമ്പാദ്യം അവര്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിന് സംഭാവനയായി നല്‍കിയത്. ന്യൂഡല്‍ഹി സുബ്രതോ പാര്‍ക്കിലെ എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 21 വര്‍ഷം അധ്യാപികയായിരുന്നു വിധു ഫെബ്രുവരി ആറിനാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചത്.
അധ്യാപനത്തില്‍നിന്ന് വിധു സമ്പാദിച്ച 17 ലക്ഷം രൂപയാണ് ബാദുനി, എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടിന് സംഭാവന നല്‍കിയത്. 1986 ലാണ് സ്‌കൂളില്‍ പ്രൈമറി അധ്യാപികയായി വിധു ജോലിക്കു കയറിയത്. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ബാദുനി, സ്‌കൂള്‍ പ്രിന്‍സിപ്പാളിന് തുക കൈമാറി. സംഭാവന ലഭിച്ച തുകയില്‍നിന്ന് പത്തുലക്ഷം രൂപ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും നല്‍കാന്‍ വിനിയോഗിക്കുമെന്നും ബാക്കി തുക സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടി ഉപയോഗിക്കുമെന്നും പ്രിന്‍സിപ്പാള്‍ പൂനം എസ് രാംപാല്‍ പറഞ്ഞു.
Post Your Comments