ഭര്‍ത്താവിന്റെ അകന്ന ബന്ധുക്കള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കേസ് നല്‍കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അനന്തരവന്റെ ഭാര്യ നല്‍കിയ പരാതി ചോദ്യം ചെയ്ത് വൃദ്ധ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. പനവല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് ഇവര്‍ക്കെതിരെ ഗാര്‍ഹികപീഡനനിയമ പ്രകാരം പരാതി സമര്‍പ്പിക്കപ്പെട്ടത്.
ഗാര്‍ഹിക പീഡന നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവരുടെ ബന്ധുവിന്റെ ഭാര്യ കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിക്കാരിക്കൊപ്പമല്ല വൃദ്ധ ദമ്പതികള്‍ താമസിക്കുന്നതെന്നും പരാതിക്കാരിയുമായുള്ള ഇവരുടെ ബന്ധം ഗാര്‍ഹിക പീഡനനിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഭാരതി എച്ച് ഡാംഗ്രി കേസ് തള്ളി.
2013 മാര്‍ച്ചില്‍ പരാതിക്കാരിയും ഭര്‍ത്താവും ബന്ധുക്കളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെതുടര്‍ന്നാണ് ഇവര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ അമ്മാവനും അമ്മായിയും ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ഭര്‍ത്താവും ഇവരും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നുമായിരുന്നു പരാതി. 2013 മാര്‍ച്ചില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ഇവര്‍ കോടതിയില്‍ നിന്ന് സംരക്ഷണ ഉത്തരവ് ആവശ്യപ്പെടുകയായിരുന്നു. തങ്ങളെ പ്രതിയാക്കിയ നടപടിക്കെതിരെയാണ് വൃദ്ധ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments