നിലയ്ക്കല്‍: സുപ്രിം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിശ്വാസ സംരക്ഷണ സമരത്തിനു വേണ്ടി നിലയ്ക്കല്‍ രാപകല്‍ സമരത്തില്‍. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല പ്രവേശനത്തിന് യുവതികള്‍ എത്തിയാല്‍ നിലയ്ക്കലില്‍ നിന്നു തിരികെ അയയ്ക്കുകയാണ് സമരക്കാരുടെ ലക്ഷ്യം. പന്തല്‍ കെട്ടി നടത്തുന്ന സമരത്തിനു വിശ്വാസ സംരക്ഷണ സമിതിയാണ് നേതൃത്വം നല്‍കുന്നത്. അട്ടത്തോട് ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാണ്.
പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ച് പി. രവിവര്‍മ രാജ ഇന്നലെ സമരവേദിയില്‍ എത്തി. പേട്ട തുള്ളല്‍ സംഘങ്ങള്‍ ഉള്‍പ്പെടെ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ തമ്പടിച്ചു സമരം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിനു സമീപത്ത് റോഡരികില്‍ കുടിലുകള്‍ കെട്ടിയാകും സമരം. കൂടുതല്‍ പൊലീസ് സേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. പകല്‍ ഒരു സംഘവും രാത്രി മറ്റൊരു സംഘവുമാണ് സമരം ചെയ്യുന്നത്.
നൈഷ്ഠിക ബ്രഹ്മചാരിക്കു യുവതീസാമീപ്യം പോലും അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് വനത്തിനുള്ളില്‍ ഇത്ര അകലെയായി അയ്യപ്പന്‍ കഴിയുന്നത്. ഓരോ ക്ഷേത്രത്തിലും പ്രതിഷ്ഠയ്ക്കു വ്യത്യാസമുണ്ട്. മറ്റു ക്ഷേത്രങ്ങളില്‍ എല്ലാ ദിവസവും ദര്‍ശനമുണ്ട്. എന്നാല്‍, ശബരിമലയില്‍ ദര്‍ശനത്തിനു പോലും പ്രത്യേക സമയമുണ്ട്. ഇക്കാര്യങ്ങളൊന്നും മനസ്സിലാക്കാതെ ഇവിടെ യുവതീ പ്രവേശനം വേണമെന്നു പറയുന്നത് ആചാരങ്ങളെ അപമാനിക്കലാണെന്നും സമരക്കാര്‍ പറഞ്ഞു.
അയ്യപ്പനെ സംരക്ഷിക്കാന്‍ ഏതു വലിയ സമരത്തിനും തയാറാണെന്ന് ആദിവാസികളും പറയുന്നു. വരും ദിവസങ്ങളില്‍ സമരപ്പന്തലിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ളാഹ ഇളയ തമ്പുരാട്ടിക്കാവ് ക്ഷേത്രം തന്ത്രി മധുദേവാനന്ദ, അഖില കേരള അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റ് വി.കെ. രാജഗോപാല്‍, ദേശീയ വൈസ് പ്രസിഡന്റ് മോഹന്‍ കെ. നായര്‍, പ്രസാദ് കുഴിക്കാല, പി.വി. അനോജ്കുമാര്‍ എന്നിവര്‍ സമര പന്തലില്‍ പ്രസംഗിച്ചു.
Post Your Comments