കാലങ്ങള്‍ക്ക് മുമ്പ് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ ഒട്ടുമിക്ക പെണ്‍കുട്ടികളും ആരോടും പറയാതെ ഉള്ളില്‍ ഒളിപ്പിക്കുകയാണ് പതിവ്. ചലച്ചിത്രമേഖലയില്‍ ഉള്‍പ്പെടെ പ്രശസ്തരായ പലര്‍ക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സമൂഹത്തില്‍ പ്രബലരും പ്രശസ്തരുമായവരായിരിക്കും പ്രതിസ്ഥാനത്ത് എന്നതിനാലാണ് പലരും മൗനം പാലിക്കുന്നത്. പക്ഷേ ഉള്ളിലൊളിപ്പിച്ചു വച്ചിരിക്കുന്ന ആ അപമാനത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് പലരും. ബോളിവുഡിലെ പല പ്രമുഖരുടെയും ഉറക്കം കെടുത്തിക്കൊണ്ടാണ് ‘മീ റ്റു’ എന്ന കാമ്പെയ്ന്‍ ആരംഭിച്ചത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന സംവിധാനമാണ് മീ റ്റു കാമ്പെയ്ന്‍.
ഹാസ്യതാരം ഉത്സവ് ചക്രവര്‍ത്തി, നടന്‍ രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാഹ്ല് തുടങ്ങിയവരെല്ലാം ഈ കാമ്പെയ്നിന്റെ ചൂടറിഞ്ഞു കഴിഞ്ഞതാണ്. ലക്ഷക്കണക്കിന് വരുന്ന യുവതലമുറ നെഞ്ചേറ്റിയ എഴുത്തുകാരന്‍ ചേതന്‍ ഭഗതിനും മീ റ്റു പോറലേല്‍പ്പിച്ചു. താനുമായി ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ചേതന്‍ ഭഗതിനെതിരെ ഒരു യുവതി രംഗത്തെത്തിയത്. ഇതോടെ യുവതിയോടും ഭാര്യയോടും ചേതന്‍ ഭഗതിന് ക്ഷമാപണം നടത്തേണ്ടിവന്നു.
നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത തുടക്കമിട്ട ബോളിവുഡിലെ രണ്ടാം ഘട്ട ‘മീ ടൂ’വില്‍ നടിമാരായ പൂജ ഭട്ടും കങ്കണ റണാവത്തും ചേര്‍ന്നിരുന്നു. ബോളിവുഡില്‍ മാത്രം ഒതുങ്ങാതെ മാധ്യമരംഗത്തെ മുടിചൂടാമന്നന്‍മാരെയും മീ ടു ലക്ഷ്യം വച്ചതോടെ സംഭവം രാജ്യശ്രദ്ധ നേടി. മുന്‍ പത്രപ്രവര്‍ത്തകനും നിലവിലെ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും മീ ടു വിന്റെ ഇരയായി. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വനിതാ പത്രപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. കേരളം കൗതുകത്തോടെ കേട്ടുകൊണ്ടിരുന്ന മീ ടു ഒടുവില്‍ കേരളത്തിലും വിവാദം സൃഷ്ടിക്കുകയാണ്.
നടനും എംഎല്‍എയുമായ മുകേഷിനെതിരെയാണ് മീ ടുവിലൂടെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ടിവി പരിപാടിയുടെ ഷൂട്ടിംഗിനിടെ ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് മുകേഷ് ശല്യം ചെയ്തതായി ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ആരോപിക്കുന്നു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചതായും അവര്‍ പറഞ്ഞു. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് ആരോപിക്കുന്നുണ്ട്.
അതേസമയം ആ പെണ്‍കുട്ടിയെ പരിചയമല്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമാണ് മുകേഷ് പ്രതികരിച്ചത്. ്സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎല്‍എ ആയതു കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നും അധികം പ്രതികരിക്കാന്‍ തയ്യാറാകാതെ മുകേഷ് വ്യക്തമാക്കി. എംഎല്‍എ മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം നിയമപരമായി പരിശോധിക്കട്ടെ എന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്തായാലും ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് അതിന്റെ നിജാവസ്ഥ വെളിപ്പെടുത്തേണ്ടത് മുകേഷിന്റെയും സിപിഎമ്മിന്റെയും ഉത്തരവാദിത്തമാണ്. സംഭവം ഗൗരവമായി കാണുന്നില്ലെന്ന് പ്രതികരണം നടത്തി ഒഴിഞ്ഞുമാറാന്‍ മുകേഷിനാകില്ല.
പതിനെട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ തെളിവുകള്‍ കണ്ടെത്തി ടെസ പറയുന്നത് ശരിയാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള അന്വേഷണം നടക്കുമെന്ന് ഉറപ്പിക്കാനാകില്ല. പക്ഷേ ഇത്തരത്തിലുള്ള ആരോപണവുമായി മുന്നോട്ട് വന്നിട്ട് ഒരു പെണ്‍കുട്ടിക്ക് എന്ത് ലാഭമുണ്ടാകാനാണ് എന്നതും ആലോചിക്കേണ്ടിവരും. തുറന്നു പറച്ചിലും വെളിപ്പെടുത്തലുകളും നടത്തി പല വമ്പന്‍മാരെയും പ്രതികൂട്ടില്‍ കയറ്റാനുള്ള സ്ത്രീകള്‍ കാണിക്കുന്ന ധൈര്യം പ്രശംസനീയം തന്നെ. പക്ഷേ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സത്യസന്ധവും നിക്ഷിപത് താത്പര്യങ്ങള്‍ ഇല്ലാത്തതുമാണെന്ന് ഉറപ്പുവരുത്തണം. ആര്‍ക്കെതിരെയും പ്രയോഗിക്കാനുള്ള ആയുധമായി ലൈംഗികാതിക്രമം എന്ന ആരോപണത്തെ കാണാന്‍ അവസരം ഒരുങ്ങരുത്. മീ ടു കാമ്പെയ്ന്‍ വഴി നടിമാരും യുവതികളും വെളിപ്പെടുത്തിയത് സത്യമാണെന്ന് തെളിഞ്ഞാല്‍ ഈ കാമ്പെയ്ന്‍ വിജയിച്ചു. കൂടുതല്‍ പേര്‍ അഭിമാനവും പേടിയും കാരണം മറച്ചുവച്ചിരിക്കുന്ന ചില സത്യങ്ങള്‍ ഇനിയെങ്കിലും വെളിച്ചെത്ത് എത്താനുള്ള വഴിയൊരുക്കുന്നതായിരിക്കും അത്.
Post Your Comments