കൊച്ചി: ശബരിമലയിലേയ്ക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധി വന്നതിനു ശേഷം കേരളം ഇന്നു വരെ കാണാത്ത പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഒരു വശത്ത് അയ്യപ്പനോടുള്ള ഭക്തിമൂലം വിശ്വാസികള്‍ തെരുവില്‍ ഇറങ്ങുന്നു. മറുവശത്ത്, സുപ്രീംകോടതി നിധി നടപ്പിലാക്കണമെന്ന നിലപാടും. പിണറായി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പു കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായ വലിയ വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നില്‍. എങ്കിലും ചരിത്രപരമായി മാറ്റമെന്ന നിലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആവര്‍ത്തിച്ചു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ മറുവശത്തും പ്രതിരോധമാര്‍ഗ്ഗങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടുകയാണ് സംഘപരിവാര്‍ നേതാക്കള്‍. സുപ്രിംകോടതിയില്‍ ശബരിമല യുവതി പ്രവേശന വിധി മറികടക്കാന്‍ വേണ്ടിയുള്ള നടപടികള്‍ കൈക്കൊണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നാണ് പരിവാര്‍ നിലപാട്.
ശബരിമല യുവതി പ്രവേശന വിധി മറികടക്കാന്‍ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് പരിവാര്‍ സംഘടനകളും കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഹൈന്ദവ സംഘടനകളെ എല്ലാം കോര്‍ത്തിണക്കി കൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പരിവാര്‍ നീക്കം. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ശബരിമല കര്‍മ്മ സമിതിക്ക് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടന നേതാക്കളുടെ യോഗം രൂപം നല്‍കി. ശബരിമലയിലേക്ക് ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന ദക്ഷിണഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കാണ് ഹിന്ദു നേതൃ സമ്മേളനം രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് കേരളത്തിലെ 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധ സമരം നടക്കും. ഈ സമയം ഈ പരിപാടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും.
തുടര്‍ന്ന് 11 ന് കോട്ടയത്ത് ഗുരുസ്വാമിമാര്‍ ആചാര്യന്മാര്‍ വിവധ ഹൈന്ദവ സംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് ഹിന്ദുനേതൃസമ്മേളനം നടക്കും. 12 ന് പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലേക്ക് നടക്കുന്ന പ്രക്ഷോഭ യാത്രയിലും പന്തളം രാജകൊട്ടാരത്തോടൊപ്പം ചേര്‍ന്ന് നാമജപയജ്ഞത്തിലും പങ്കുചേരും. 17 ന് നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ രാവിലെ 9മുതല്‍ അമ്മമാരുടെ ഉപവാസ സമരത്തിന്നുമാണ് എളമക്കര ഭാസ്‌ക്കരിയത്തില്‍ ചേര്‍ന്ന യോഗം രൂപം നല്‍കിയത്. വിവിധയിടങ്ങളില്‍ ആചാര്യ സദസും സങ്കടിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് വിഷയം ഏത് ഗതിയിലേക്കാണോ പോകുന്നത് അത് അന്‍സറിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യും.
വിധിയ്ക്കെതിരെ ക്ഷേത്ര സംരക്ഷണ സമിതിയും അയ്യപ്പസേവാ സമാജവും ചൊവ്വാഴ്ച റിവ്യു ഹരജി നല്‍കും. കോടതിയ്ക്കെതിരെ തെറി വിളിക്കുന്നവരോട് കടുത്ത വിയോജിപ്പുണ്ട്. നിയമപരമായ കാര്യങ്ങളെ നിയമപരമായി നേരിടും. പൊടുന്നനെ വിധി നടപ്പാക്കാന്‍ മറ്റ് പല കേസിലും സര്‍ക്കാര്‍ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തില്‍ കാണിക്കുന്നതിനെയാണ് ആര്‍ എസ് എസ് എതിര്‍ക്കുന്നത്. വിധി വന്നതിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ വരുന്നതിനെ ആര്‍.എസ്.എസ് സ്വാഗതം ചെയ്യുന്നില്ല.
Post Your Comments