റിയാദ്: തോക്ക് ചൂണ്ടി കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ. മോട്ടോർ സൈക്കിളിൽ കറങ്ങിയും തോക്ക് ചൂണ്ടിയുമാണ് സംഘം ആളുകളെ കൊള്ളയടിച്ചിരുന്നത്. നിരവധി കവർച്ച സംഭവങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്. തൊണ്ടി മുതലുകളായി കറൻസി നോട്ടുകളും മൊബൈൽ ഫോണുകളും കവർച്ചക്ക് ഉപയോഗിക്കുന്ന തോക്കുകളും മോട്ടോർ സൈക്കിളുകളും പോലീസ് കണ്ടെടുത്തു
ബത്ഹയിൽ ഇന്ത്യാക്കാരനെ സ്വന്തം താമസസ്ഥലത്തിന് മുന്നിൽ വെച്ച് ആക്രമിച്ചതിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 30 വയസിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ബത്ഹ ശാറ റെയിലിലെ റിയാദ് ബാങ്കിന് സമീപത്തെ ഗല്ലിയിൽ വെച്ച് നാലംഗ സംഘമാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് പരിക്കേൽപിച്ച് പണം കവർന്നത്. അസര്‍ നമസ്കാര സമയത്തായിരുന്നു സംഭവം. 2,300 റിയാൽ കവര്‍ന്നു. സംഭവത്തെ തുടർന്ന് ബത്ഹ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ മുറിയുടെ വാതിലിന് അരുകിൽ വെച്ചാണ് അശ്റഫിനെ സംഘം പിടികൂടിയത്. പാൻറും ടീഷര്‍ട്ടും ധരിച്ച, അറബി സംസാരിക്കുന്ന കവർച്ചക്കാർ അശ്റഫിനെ ശരീരമാസകലം ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. പഴ്സിലുണ്ടായിരുന്ന 2,300 റിയാല്‍ എടുത്ത ശേഷം ഇഖാമ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. തലയിൽ മാരക മുറിവേറ്റ അശ്റഫിനെ രക്തമൊലിക്കുന്ന നിലയിൽ സുഹൃത്തുക്കള്‍ സഫാമക്ക പോളിക്ലിനിക്കിലെത്തിക്കുകയായിരുന്നു.
Post Your Comments