Latest NewsKerala

സ്നേഹം നടിച്ച് യുവതികളെ പീഡിപ്പിച്ച്‌ പണം തട്ടുന്ന ആള്‍ അറസ്റ്റില്‍; ഇരകള്‍ ഭര്‍തൃമതികളായ യുവതികള്‍

ഇരകളായ യുവതികളുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തും.

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച്‌ പണം തട്ടുന്ന ആള്‍ അറസ്റ്റില്‍. എറിയാട് കല്ലുങ്ങല്‍ അയൂബി(41)നെയാണ് ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചാവക്കാട് മേഖലയില്‍ തന്നെ 10 യുവതികളെ ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഇരകള്‍ കൂടുതലും ഭര്‍തൃമതികളായ യുവതികളാണ്. ഇരകളായ യുവതികളുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തും.

പിന്നീട് ഈ ദൃശ്യം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി ഇരകളില്‍ നിന്ന് പണം തട്ടും. ഇത്തരത്തില്‍ ആകെ 20ല്‍ പരം യുവതികള്‍ പ്രതിയുടെ ഇരകളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതികളുമായി പ്രണയം നടിച്ച്‌ വിവാഹവാഗ്ദാനം നല്‍കിയ ശേഷം വാടകക്കു വീടെടുത്ത് മാസങ്ങളോളം താമസിപ്പിച്ച്‌ പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി.ഇരകളാക്കപ്പെട്ടവര്‍ മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ മടിച്ചതാണ് ഇയാള്‍ക്ക് തുണയായത്.

എടക്കഴിയൂര്‍ സ്വദേശിയായ 40കാരിയുടെ പരാതിയിലാണ് ചാവക്കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ അഞ്ച് ലക്ഷം രൂപയും ഇത് കൂടാതെ രണ്ടര ലക്ഷത്തിന്റെ സ്വര്‍ണാഭരണവും ഇയാള്‍ തട്ടിയെടുത്തു. പിന്നീട് മൊബൈലില്‍ പകര്‍ത്തിയ യുവതിയുടെ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവാക്കി.

പ്രതിയുടെ പീഡനം സഹിക്കവയ്യാതായപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. കാറ്ററിങ് തൊഴിലാളിയാണ് പ്രതി. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ജില്ലയില്‍ പലയിടത്തും വീട് വാടകക്കെടുത്ത് ഇയാള്‍ യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button