കോഴിക്കോട്: വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കരിപ്പൂരില്‍ ഇനിയും തടസങ്ങൾ. സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്താന്‍ ആദ്യം സന്നദ്ധതയറിയിച്ചിരുന്നെങ്കിലും കൂടുതല്‍ ഉപാധികൾ വച്ചതാണ് പ്രതിസന്ധിക്ക് കാരണം. റണ്‍വേ വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ സ്ഥലമനുവദിച്ചില്ലെങ്കിൽ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
മൂന്ന് വര്‍ഷമായി നിലച്ച വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഉടന്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ജനപ്രതിനിധികള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കടക്കാന്‍ ഇനിയും കടമ്പകളേറെ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും സംയുകത പരിശോധന നടത്തി റണ്‍വേയില്‍ സാങ്കേതിക തടസങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു.
കരിപ്പൂരിനൊപ്പം തിരുവന്തപുരത്ത് നിന്നും സ്ഥിരം സര്‍വ്വീസ് തുടങ്ങാന്‍ അനുമതി നല്‍കണമെന്നാണ് സൗദി എയര്‍ലൈന്‍സിന്‍റെ പുതിയ ആവശ്യം. നിലവില്‍ 2020 വരെ താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നത്. സൗദി എയര്‍ലൈന്‍സിന് പുറമെ എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്നുള്ള സര്‍വ്വീസിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാപരിശോധനകല്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതേ സമയം വിമാനത്താവള വികസനത്തിന് ഭൂമി ഇനിയും കിട്ടാത്തതില്‍ വ്യോമയാന മന്ത്രാലയത്തിന് അതൃപ്തിയുണ്ട്.
Post Your Comments