ഇസ്താംബൂള്‍: യു.എസ്. മാധ്യമം വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ സൗദി ലേഖകനായ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൂചന. തുര്‍ക്കി പോലീസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പേ ഖഷോഗ്ഗിയെ കാണാതായിരുന്നു.
തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി എംബസിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ഖഷോഗിയെ കാണാതായത്. ഇദ്ദേഹത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തുര്‍ക്കി പോലീസിന്റെ നിഗമനം പുറത്ത് വന്നത്.
സൗദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഭരണകൂടവിമര്‍ശകനുമായ ഖഷോഗ്ഗി ചൊവ്വാഴ്ച വൈകീട്ട് ഈസ്താംബൂളിലെ സൗദികോണ്‍സുലേറ്റിലെത്തിയിരുന്നു എന്നും ശേഷം യാതൊരുവിവരവും ലഭിച്ചില്ല എന്നുമാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. വിവാഹാനുമതിലഭിക്കാനുള്ള അപേക്ഷ നല്‍കിയതിനുശേഷമുള്ള ഔദ്യോഗിക നടപടികളിടെ ഭാഗമായി കോണ്‍സുലേറ്റില്‍ പോയ ഖഷോഗ്ഗിയുടെ മൊബൈല്‍ഫോണ്‍ അധികൃതര്‍ വാങ്ങിയിരുന്നു. പ്രതിശ്രുത വധുവും തുര്‍ക്കി വനിതയുമായ ഹാറ്റിസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെങ്കിലും കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല.
കോണ്‍സുലേറ്റ് അടയ്ക്കുന്നതുവരെ കെട്ടിടത്തിനു പുറത്ത് കാത്തുനിന്നെങ്കിലും ഖഷോഗ്ഗി മടങ്ങിയെത്തിയില്ലെന്ന് ഹാറ്റിസ് പറഞ്ഞു. സൗദിഭരണകൂടത്തിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്ന ഖഷോഗ്ഗി സൗദികീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്നു. സൗദിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് 2017 മുതല്‍ യു.എസില്‍ അഭയം തേടിയിരിക്കുകയായിരുന്നു.
Post Your Comments