Latest NewsArticle

ഇത് ഹിന്ദുമതക്കാരുടെ മാത്രം പ്രശ്നമല്ല, മത മൈത്രി ആഗ്രഹിക്കുന്ന ഇതര മതസ്ഥരുടെയും കൂടിയാണ്- അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

കാലാകാലങ്ങളായി സമൂഹത്തിനൊപ്പം നിലനിന്നുപോരുന്ന,നമ്മുടെ പൈതൃകത്തിന്റെയും സംസ്കൃതിയുടെയും ഭാഗമായി നിലക്കൊളളുന്ന പല ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും താറടിച്ചുകാണിക്കുകയും അതുവഴി ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസത്തെയും മാത്രം ലാക്കാക്കി അപകീർത്തികരമായ വാദഗതികൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളുകളായി നമ്മുടെ കൊച്ചുകേരളത്തിൽ വ്യാപകമായി വരുന്നുണ്ട്.
.ഹൈന്ദവ മതത്തെയും ആചാരങ്ങളെയും മാത്രം ലക്ഷ്യം വച്ചുളള ഈ ഒളിയമ്പ് പ്രയോഗത്തെ പ്രതിരോധിക്കേണ്ടത് ഹൈന്ദവർ മാത്രമല്ല മതമൈത്രിക്കൊപ്പം നില്ക്കുന്ന ഇതരമതസ്ഥരും കൂടിയാണ്.ശബരിമലയെന്നത് യഥാർത്ഥ വിശ്വാസിക്ക് വിശ്വാസത്തിലും ഭക്തിയിലുമൂന്നിയ ഒരു വികാരമാണ്.

ആ വികാരസാഗരത്തിന്റെ വേലിയേറ്റത്തെ തടയിടാനായി അവതരിച്ചത് രാഷ്ട്രീയ-മതചിന്തകളെ സമർത്ഥമായി ഉളളിൽ ഒളിപ്പിച്ച് പകരം പുരോഗമന സാമൂഹൃമേലങ്കി പുറമേയ്ക്കണിഞ്ഞ ചില സീസണൽ സ്ത്രീപക്ഷവാദികളും സാമൂഹ്യപ്രവർത്തകരുമാണ്.അവർ ഈ വിധിയെ സ്വാഗതം ചെയ്യുന്നത് ഭക്തിയോ വിശ്വാസമോ കൊണ്ടല്ല മറിച്ച് സമൂഹത്തിൽ മതവർഗ്ഗീയ ചിന്തകളുടെ അതിപ്രസരമിളക്കി വിട്ട് രക്തപുഴയൊഴുക്കാൻ വേണ്ടി മാത്രമാണ്.അതിലൂടെ മുതലെടുപ്പ് രാഷ്ട്രീയപൊറാട്ടുനാടകം കെട്ടിയാടുവാൻ വേണ്ടിയും.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പെൺമയുടെ തുല്യതയ്ക്കൊപ്പം നില്ക്കുന്ന ചരിത്രവിധിയെന്നു പറഞ്ഞ് കയ്യടിക്കുന്ന പുരോഗമനവാദികളും സ്ത്രീപക്ഷവാദികളും അറിയുവാൻ,നിങ്ങൾ കൈയ്യടിക്കുന്ന ഈ പറഞ്ഞ തുല്യതാവാദം മുസ്ലീം സ്ത്രീകൾക്കും ക്രൈസ്തവസ്ത്രീകൾക്കും നേടി കൊടുക്കാൻ എന്തേ നിങ്ങൾ പ്രയത്നിക്കുന്നില്ല?ഹൈന്ദവാചാരങ്ങൾക്കു മേലുള്ള കടന്നുകയറ്റങ്ങൾ അവകാശപോരാട്ടമായി ചിത്രീകരിക്കുന്ന നിങ്ങൾ ഇതരമതങ്ങളിലെ വിശ്വാസങ്ങളെ ചോദ്യംചെയ്യാൻ ധൈര്യപ്പെടില്ലെന്നു മാത്രമല്ല അവയെ ന്യൂനപക്ഷസംരക്ഷണത്തിന്റെ ലേബലിൽ സുരക്ഷിതമാക്കുകയുമല്ലേ ചെയ്യുന്നത്?വിലക്കപ്പെട്ട അമ്പലങ്ങളിലും ദര്‍ഗ്ഗകളിലും പ്രവേശനം നേടിക്കൊടുത്താല്‍ അത് കൊണ്ട് സ്ത്രീകള്‍ക്ക് എന്ത് ഉന്നമനം?ആ പ്രവേശനം കൊണ്ട് ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന സ്ത്രീകള്‍ക്ക് എന്ത് നേട്ടം?ഈ സ്ത്രീതുല്യതാവാദം എന്തുകൊണ്ട് നല്ല കാര്യങ്ങള്‍ക്ക് ആയിക്കൂടാ ? എന്തിനു വിശ്വാസങ്ങള്‍ക്ക് മേല്‍ കടിഞ്ഞാണിട്ടുവലിക്കുന്നു.? ഈ തുല്യതാവാദം എന്തുകൊണ്ട് സ്ത്രീകള്‍ക്കായി പ്രത്യേക മൂത്രപ്പുരയെന്ന ആശയത്തിന് കൊടുക്കുന്നില്ല ?സ്ത്രീകള്‍ക്കായി പ്രത്യേക ബസ്‌ സര്‍വീസ്,അഥവാ പ്രത്യേക ട്രെയിന്‍ കോച്ചുകള്‍ തുടങ്ങിയവയ്ക്കായി പോരാടുന്നില്ല ?

ശബരിമലയിൽ ഏതുനിലയിലാണ് സ്ത്രീക്ക് തുല്യതയില്ലാതെയാകുന്നത്?ശബരിയെന്ന ഭക്തയുടെ പേരിലുള്ള തീർത്ഥാടനകേന്ദ്രത്തിൽ ഭക്തകൾക്ക് പ്രായത്തിലധിഷ്ഠിതമായ വിലക്ക് പരിമിതനിയന്ത്രണത്തിനുള്ള പ്രായോഗികരീതി മാത്രമല്ലേ,അവിടെ തുല്യത ചോദ്യം ചെയ്യപ്പെടുന്നില്ലല്ലോ.എന്നാൽ ദർഗകളില്ലോ?അവിടെയല്ലേ അക്ഷരാർത്ഥത്തിൽ വിലക്കുള്ളത്?അതല്ലേ സ്ത്രീവിരുദ്ധത?ശ്രീ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലല്ലാത്ത ശാസ്താക്ഷേത്രങ്ങളിലെല്ലാം ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമുണ്ടല്ലോ.ലിംഗപരമായ തുല്യത ഇത്തരം ക്ഷേത്രങ്ങളിലൂടെ സംരക്ഷിക്കുന്ന ഹൈന്ദവസമൂഹത്തെ കേവലമൊരു ശബരിമല ചൂണ്ടിക്കാട്ടി സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുന്നത് ഏത് അജണ്ടയുടെ ഭാഗമായാണ്.?

ഇനി ഞങ്ങള്‍ യഥാർത്ഥ വിശ്വാസികളായ സ്ത്രീകളെക്കുറിച്ച് രണ്ടു വാക്ക്.ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധിയെ ചരിത്രപരമായ വിധിയായിട്ട് ഞങ്ങൾക്ക് തോന്നുന്നില്ല.ശബരിമലയില്‍ പ്രവേശനം നിഷേധിച്ചത് കൊണ്ട് മാത്രം ജീവിതം വഴിമുട്ടി പോയ സ്ത്രീകള്‍ ഇവിടെയില്ല..ഞങ്ങള്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ഈ വിലക്ക് കൊണ്ട് നാളിതുവരെയും ഒരു ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടില്ല.അതിന്റെ പേരില്‍ സമൂഹത്തില്‍ താഴ്ന്നവളായി തോന്നിയിട്ടില്ല.സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിക്കെപ്പെട്ടുവെന്ന് എങ്ങനെ പറയാന്‍ കഴിയും?പത്തുവയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവവിരാമമായ സ്ത്രീകള്‍ക്കും ഇവിടെ പ്രവേശനം ഉണ്ടല്ലോ.പിന്നെങ്ങനെ അതൊരു നിഷേധമാവും ?പിന്നെ യുവതികളായ എന്നെ പോലുള്ള വിശ്വാസികള്‍ക്ക് ഇതിന്റെ പേരില്‍ യാതൊരു സങ്കടവുമില്ല.കാരണം എട്ടാമത്തെ വയസ്സില്‍ ശബരിമലയില്‍ പോയി അയ്യപ്പനെ കണ്ടിട്ടുള്ള എനിക്ക് അയ്യപ്പനെ കാണണമെങ്കില്‍ ഒന്ന് കണ്ണടച്ചാല്‍ മതി.അതൊരു വിശ്വാസമാണ്.ഭക്തി കൊണ്ട് ആത്മാവില്‍ അടിയുറച്ചുപോയ വിശ്വാസം.ഞങ്ങളെ ഇവിടെ യാതൊരു ചങ്ങലക്കെട്ടുകള്‍ കൊണ്ടും ബന്ധിച്ചിട്ടില്ല..പിന്നെന്തിനു ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം..സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ പുരുഷന്മാരുടെ പുറത്തു കുതിര കയറാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.കാരണം മുത്തച്ഛന്റെ വാത്സല്യവും അച്ഛന്റെ കരുതലും ആങ്ങളമാരുടെ സ്നേഹവും ഭര്‍ത്താവിന്റെ സംരക്ഷണവും ആവോളം അനുഭവിക്കുന്ന ഞങ്ങളെ പോലുള്ള സ്ത്രീജനങ്ങള്‍ക്ക് എന്തിന്റെ പേരിലാണ് ഇനിയും സ്വാതന്ത്ര്യം വേണ്ടത്?ഇനി ഞങ്ങള്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക്,ഞങ്ങളുടെ സ്വത്വത്തിന്റെ പേരില്‍ അഭിമാനിക്കാന്‍ ഞങ്ങളുടേതു മാത്രമായ ഉത്സവാഘോഷങ്ങൾ ഉണ്ട്.നിങ്ങള്‍ കേട്ടിട്ടുണ്ടോ ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച്?സ്ത്രീകള്‍ക്ക് മാത്രമായി ഉള്ള ഒരുത്സവം.ഞങ്ങളുടെ പുരുഷന്മാര്‍ അവര്‍ക്കും വേണം പൊങ്കാലയെന്നു ഇന്ന് വരെ ആവശ്യപ്പെട്ടിട്ടില്ല..അത് പോലെ തന്നെ ഞങ്ങള്‍ക്ക് ഉണ്ട് തിരുവാതിര..ആര്‍ത്തവത്തെ ആഘോഷമാക്കുന്ന അമ്പലം പോലും ഞങ്ങള്‍ക്കുണ്ട്‌.അതാണ്‌ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്ത്..പാര്‍വതിദേവിക്ക് ആര്‍ത്തവമാകുന്നുവെന്ന സങ്കല്പത്തില്‍ ദേവിക്ക് തൃപ്പൂത്ത് ആയിയെന്ന ആഘോഷം തുടങ്ങുന്നു..ഇനി മണ്ണാറശാലയിലെ അമ്മ പൂജാരിണിയെ കുറിച്ച് കൂടി അറിയേണ്ടേ?പ്രശസ്തമായ നാഗക്ഷേത്രത്തിലെ അമ്മ പൂജാരിണിയാണ് നാഗങ്ങളുടെ അമ്മ എന്ന സങ്കല്പത്തില്‍ ഇവിടെ എല്ലാ പൂജകളും ചെയ്യുന്നത്.

കുഞ്ഞുങ്ങൾക്ക് കുത്തിയോട്ടം, തൈപ്പൂയക്കാവടി ഇത്യാദി നേർച്ച നടത്തിയ മാതാപിതാക്കളാരും തന്നെ അതിന്റെ പേരിൽ പശ്ചാതപിച്ചു കണ്ടിട്ടില്ല.. തങ്ങളുടെ സ്വാതന്ത്ര്യത്തിനുമേൽ മാതാപിതാക്കൾ നടത്തിയ കടന്നുകയറ്റമായി മേൽപ്പറഞ്ഞ നേർച്ചകളെ കുട്ടികളും കണ്ടിട്ടില്ല.അവർക്കതൊരു പുത്തൻ അനുഭവമാണ്..എന്തുകൊണ്ട് കുത്തിയോട്ട – കാവടി നേർച്ചകൾ മാത്രം വിമർശിക്കപ്പെടുന്നു?? ഹൈന്ദവകുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തെയും വേദനയെയും കുറിച്ച് മാത്രം വ്യാകുലപ്പെടുന്നു?? സ്വന്തം ഇംഗിതമനുസരിച്ച് മാത്രംമക്കളെ അച്ചൻ പട്ടത്തിനു വിടാമെന്നും ദൈവത്തിന്റെ മണവാട്ടിയാക്കാമെന്നും നേരുന്ന ക്രൈസ്തവരുടെ നേർച്ച എന്തുകൊണ്ട് വിമർശിക്കപ്പെടുന്നില്ല?? ഇസ്ലാം മതത്തിൽ, ആൺകുട്ടികളുടെ അനുവാദം വാങ്ങിക്കൊണ്ടാണോ സുന്നത്ത് കല്യാണം നടത്തുന്നത്? അത് ആഘോഷപൂർവ്വം കുടുംബാംഗങ്ങൾ നടത്തുന്ന ഒരു ചടങ്ങല്ലേ? ഇതരമതങ്ങളുടെ ആചാരങ്ങളിലെ അനീതികളെ കണ്ടില്ലെന്നു നടിക്കുകയും ഹൈന്ദവരുടെ ആചാരാനഷ്ഠാനങ്ങളെ ഇഴകീറി വിമർശിക്കുകയും ചെയ്യുന്ന പ്രവണതയല്ലേ ശരിക്കുമുള്ള ഫാസിസം?

അമ്പലങ്ങളിൽ എഴുന്നളളിക്കുമ്പോൾ മാത്രം ആനകളോട് സ്നേഹം വരുന്ന സീസണൽ മൃഗസ്നേഹികളും ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്ന അപൂർവ്വം മനുഷ്യജനുസ്സിൽ ഉൾപ്പെടും… ഇതേ ആനകളെ ഇസ്ലാം പളളികളിലെ ചന്ദനക്കുടം നേർച്ചയ്ക്ക് കൊണ്ടുപോകുമ്പോൾ ദ സോ കോൾഡ് മൃഗസ്നേഹികൾക്ക് തിമിരം വരും. ഡൈനിങ്ങ് ടേബിളിലെ ആവിപൊന്തുന്ന പോർക്ക് വിന്താലുവും മട്ടൻ കുറുമയും ബീഫ് ഉലർത്തും ചിക്കൻ ടീക്കയും കാണുമ്പോൾ ഉടഞ്ഞുപോകുന്ന മൃഗസ്നേഹം പൊങ്ങിവരുന്നത് ഉത്സവസീസണിൽ മാത്രം.അപ്പോൾ മാത്രം ബീഫ് ഫെസ്റ്റ് നടത്താൻ മുന്നിൽ നിന്ന ടീച്ചറമ്മയും സാംസ്കാരിക കോമരങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജരാജന്മാർക്ക് വേണ്ടി കണ്ണുനീർ വാർക്കും… പോത്തും ആടും കോഴിയും വിഭവങ്ങളായി ഇഫ്ത്താർ വിരുന്നിലും ഈസ്റ്റർ വിരുന്നിലും നിറയുമ്പോൾ വരാത്ത മൃഗസ്നേഹം ആനയെ എഴുന്നളളിക്കുമ്പോൾ മാത്രം ഉണരുന്നുവെങ്കിൽ അത് ഫാസിസമാകുന്നു. ഒരു വിഭാഗത്തോടു മാത്രം തോന്നുന്ന നീരസത്തെയും എതിർപ്പിനെയും പിന്നെ എന്തു വിളിക്കണം?

ശബരിമലയിൽ സ്ത്രീവിരുദ്ധത കണ്ടവർ എന്തുകൊണ്ട് ദർഗകളിലെ സ്ത്രീവിരുദ്ധത കാണുന്നില്ല?. ത്രിശൂലത്തെ അശ്ലീല ബിംബമായി വരയ്ക്കുന്നവൾ ചന്ദ്രക്കലയിൽ അശ്ലീലം കാണില്ല. അവൾ അതിൽ കൈവയ്ക്കില്ല.. ഹൈന്ദവ ദേവതമാരുടെ നഗ്നത കവിതയാക്കുന്നവർ ഖദീജയെ കുറിച്ച് കവിതയെഴുതില്ല.. കേരളവർമ്മയിൽ ബീഫ് ഫെസ്റ്റ് നടത്തിയവർ ഫറൂക്കിൽ പോർക്ക് ഫെസ്റ്റ് നടത്തില്ല.. അവരങ്ങനെയാണ്.. അങ്ങനെ തന്നെയാണ്. മതേതരമെന്ന ആശയത്തെ മതം കൊണ്ട് വ്യഭിചരിക്കുന്ന അവർ ഇനിയും ആരോപണങ്ങളും വിമർശനങ്ങളും അപഹാസൃങ്ങളും തുടർന്നുക്കൊണ്ടേയിരിക്കും. സ്വന്തം മതത്തെ മുറിവേല്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നില്ക്കുന്നവനെ മതേതരനെന്നു വിളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരെ വർഗ്ഗീയ വാദിയെന്നും സംഘിയെന്നും വിളിക്കും. ആ അർത്ഥത്തിലെങ്കിൽ സ്വന്തം മതത്തോട് കൂറും ആത്മാർത്ഥയുമുള്ള ഞാനുമൊരു വർഗ്ഗീയവാദി തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button