ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദിനാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം. ഇസ്ലാമിക് ഭീകരരുടെ ക്രൂരതയാല്‍ ഉന്മൂലനത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദി വിഭാഗത്തില്‍ പെടുന്ന സാമൂഹ്യപ്രവര്‍ത്തകയാണ് 25 കാരിയായ നാദിയ മുറാദ്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗെയോടൊപ്പം അവാര്‍ഡ് പങ്കിടുമ്പോള്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിനും, സ്ത്രീ സംരക്ഷണത്തിനായുള്ള മുന്നേറ്റത്തിനും വലിയ ഊര്‍ജ്ജമാണ് ലഭിക്കുന്നത്.
ദ ലാസ്റ്റ് ഗേള്‍ എന്ന നാദിയയുടെ ആത്മക്കഥ ലോകത്തെ ഞെട്ടിച്ചിരുന്നു. ഐഎസ് തട്ടികൊണ്ടു പോയ ശേഷം മൂന്ന് വര്‍ഷം അവള്‍ അനുഭവിച്ച കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കൊടിയ പീഡനക്കഥകള്‍ കേട്ട് ലോകം ഞെട്ടി. യസീദികള്‍ അനുഭവിക്കുന്ന വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതിനൊപ്പം, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും പ്രതീകമാകാന്‍ അവള്‍ക്ക് കഴിഞ്ഞു. നാദിയാസ് ഇനിഷ്യേറ്റീവ്’ എന്ന സംഘടനയുണ്ടാക്കി.
കൂട്ടക്കൊലക്കും, വംശഹത്യക്കും, മനുഷ്യക്കടത്തിനുമെതിരെ പോരാടന്‍ നദിയ മുന്നിട്ടിറങ്ങി. ഇരയാവുന്നവരുടെ ജീവിതം പുനര്‍ നിര്‍മ്മിക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.അവളുടെ പത്തൊമ്പതാമത്തെ വയസില്‍ സിഞ്ചാറിലെ കോച്ചോയിലായിരുന്നു അവള്‍, വിദ്യാര്‍ഥിനി. അന്ന്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഗ്രാമത്തിലെ യസീദി വംശജരെ വളയുകയും അറുന്നൂറോളം പേരെ കൊന്നുകളയുകയും ചെയ്തു. അതില്‍ നാദിയയുടെ അമ്മയും സഹോദരന്മാരും, അര്‍ദ്ധസഹോദരന്മാരുമുണ്ടായിരുന്നു. അക്കൂട്ടത്തിലെ ചെറുപ്പക്കാരികളായ സ്ത്രീകളെ അന്നവര്‍ അടിമകളാക്കി.
ആ വര്‍ഷം ആറായിരത്തി എഴുന്നൂറോളം യസീദി സ്ത്രീകളെ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കിയിരുന്നു. അതിലൊരാളായിരുന്നു അവളും. മൊസൂളിലേക്കായിരുന്നു അവളെ കൊണ്ടുപോയത്. അവിടെ വച്ച് അവളെയവര്‍ ക്രൂരമായി തല്ലിച്ചതച്ചു, സിഗരറ്റ് വച്ചു പൊള്ളിച്ചു, അവരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൂട്ട ബലാത്സംഗം ചെയ്തു. ഒരിക്കല്‍ അവളെ തടവിലാക്കിയ ആള്‍ വീട് പൂട്ടാതെ പുറത്തുപോയപ്പോഴാണ് അവള്‍ക്ക് അവിടെ നിന്നും രക്ഷപ്പെടാനായത്. നിനക്ക് വസ്ത്രം വാങ്ങി വരാമെന്നും, അപ്പോഴേക്കും ബലാത്സംഗം ചെയ്യപ്പെടാന്‍ തയ്യാറായിരുന്നോളൂ എന്നും പറഞ്ഞാണ് അയാള്‍ പോയത്.
പക്ഷെ, മൂന്നുവര്‍ഷത്തെ നരകയാതനകള്‍ക്കു ശേഷം അവളവിടെ നിന്നും രക്ഷപ്പെട്ടു. അഭയാര്‍ത്ഥി ക്യാമ്പിലെത്തിയപ്പോഴെക്കും അവള്‍ക്ക് സകലതും നഷ്ടപ്പെട്ടിരുന്നു. ജീവിച്ചിരുന്ന ഗ്രാമം തകര്‍ക്കപ്പെട്ടിരുന്നു.പിന്നീട്, Government of BadenWürttemberg, Germany യുടെ അഭയാര്‍ത്ഥികളെ രക്ഷിക്കുന്നതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളിലൂടെ നാദിയയും രക്ഷപ്പെട്ടു.ഒരു അംബാസിഡറെന്ന നിലയില്‍ മനുഷ്യക്കടത്ത്, അഭയാര്‍ത്ഥികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കാന്‍ അവള്‍ മുന്നില്‍ നിന്നു.2016 സെപ്തംബറില്‍ ഔദ്യോഗികമായി ‘നാദിയാസ് ഇനിഷ്യേറ്റീവ്’ നിലവില്‍ വന്നു.
കൂട്ടക്കൊലയുടെ ഇരകളായവര്‍ക്ക് സഹായം നല്‍കി. അതേ മാസം തന്നെ അവര്‍ ‘യുണൈറ്റഡ് നാഷണ്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം’, ഗുഡ് വില്‍ അംബാസിഡറുമായി.ഐസിസ് ലൈംഗിക അടിമകളാക്കിയ ആയിരക്കണക്കിന് യസീദികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പലരും തടവിലാണ് അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാദിയ.
2015 ഡിസംബര്‍ 16ല്‍ യു.എന്‍ സെക്യൂരിറ്റി കൌണ്‍സിലില്‍ നാദിയ മനുഷ്യക്കടത്തിനെ സംബന്ധിച്ച് വിഷയമവതരിപ്പിച്ചു. ആദ്യമായിട്ടായിരുന്നു യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഈ വിഷയം അവതരിപ്പിക്കപ്പെടുന്നത്. തനിക്കുണ്ടായതും, തന്നെപ്പോലുള്ള ആയിരക്കണക്കിന് പേര്‍ അനുഭവിക്കുന്നതുമായ വേദനകള്‍ വിവരിച്ചപ്പോള്‍ ലോകം നടുങ്ങി.
Post Your Comments