KeralaLatest News

കനത്തമഴ, ഉരുള്‍പൊട്ടല്‍; വീടുകളിലും കടകളിലും വെള്ളം കയറി

കുമളി: കനത്തമഴയെ തുടര്‍ന്നു കുമളിയില്‍ വ്യാപക ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഇതേ തുടര്‍ന്ന് പലയിടങ്ങളിലും ആളുകളെ മാറ്റി പാര്‍പ്പിച്ചു. കെകെ റോഡില്‍ വണ്ടിപ്പെരിയാറ്റില്‍ റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

കട്ടപ്പന – കുമളി റോഡില്‍ രണ്ടാം മൈല്‍ എകെജി പടിക്കു സമീപം ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. രാത്രി വൈകി ചെറുവാഹനങ്ങള്‍ക്കു കടന്നുപോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ജെസിബിയുടെ സഹായത്തോടെയാണ് മണ്ണും കല്ലും നീക്കം ചെയ്തത്.

ഒട്ടകത്തലമേട്, ചക്കുപള്ളം റോഡിനു താഴ്ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലാണ് കുമളി-കട്ടപ്പന റോഡില്‍ പതിച്ചത്. അട്ടപ്പള്ളത്ത് പോപ്‌സണ്‍മേട് ഭാഗത്തും മറ്റുമായി വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇവിടെ നിന്നു ആളുകളെ മാറ്റി പാര്‍പ്പിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

അട്ടപ്പളം സിറ്റിയില്‍ അഞ്ചടിയോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നു. വ്യാപാര സ്ഥാപനങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ബിവറേജ് ഔട്ട്‌ലെറ്റിലും വെള്ളംകയറി. ഒന്നാംമൈല്‍ സിറ്റിയിലും സമാനമായ സ്ഥിതിയുണ്ടായി. അട്ടപ്പള്ളം ഒന്നാംമൈല്‍ റോഡിലും വെള്ളം കയറി. കുമളി ടൗണിലും പരിസരപ്രദേശങ്ങളിലെ റോസാപ്പൂക്കണ്ടം, വലിയകണ്ടം, പെരിയാര്‍ കോളനികളിലെ വീടുകളിലും വെള്ളം കയറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button