കൊല്‍ക്കത്ത: ദുര്‍ഗ പൂജയ്ക്കായി 28 കോടി രൂപ നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെ അത് വിലക്കി ഹൈക്കോടതി. പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. ദുര്‍ഗ പൂജ നടത്തുന്നതിന് വിവിധ കമ്മിറ്റികള്‍ക്കായി 28 കോടി നല്‍കാനായിരുന്നു മമതയുടെ പദ്ധതി. സംസ്ഥാനത്തെ 25,000 പൂജ കമ്മിറ്റികള്‍ക്കും കൊല്‍ക്കത്തയിലെ 3,000 കമ്മറ്റികള്‍ക്കും 10,000 രൂപ വീതം നല്‍കാന്‍ മമത ബാനര്‍ജി തീരുമാനിച്ചിരുന്നു.
അഭിഭാഷകന്‍ സൗരഭ് ദത്തയാണ് ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ദേബാശിഷ് കൗര്‍ ഗുപ്തയുടെ അധ്യക്ഷതയിലുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ചാണ് മമതയുടെ തീരുമാനത്തെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ദുര്‍ഗ പൂജക്കായി അനുവദിച്ച പണം ചെലവഴിക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും ദുര്‍ഗ പൂജക്ക് മാത്രമാണോ അതോ മറ്റ് ആഘോഷങ്ങള്‍ക്കും ഇത്തരത്തില്‍ പണം അനുവദിക്കുമോ എന്നും ഹൈകോടതി ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും ബംഗാള്‍ സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദുര്‍ഗ പൂജക്ക് പണം അനുവദിച്ചതിന് പിന്നാലെ തങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബംഗാളിലെ മുസ്ലീം പള്ളികളിലെ ഇമാമുമാര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ ബി.ജെ.പി സ്വാഗതം ചെയ്തു.
Post Your Comments