കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി രാമകൃഷ്ണ മിഷൻ. തങ്ങളുടെ ഗുരു പത്മിനിയും ആരാധനാമൂർത്തിയായ ദേവിയെ മമതയുമായി ഉപമിച്ചതിനെതിരെയാണ് അവർ രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസ്സ് എംഎൽഎ നിർമൽ മാഝീയാണ് പ്രസ്താവന നടത്തിയത്.
തൃണമൂൽ എംഎൽഎയുടെ പ്രസ്താവന തങ്ങൾക്ക് വലിയ ഞെട്ടലും രോഷവുമാണ് ഉണ്ടാക്കിയതെന്ന് ശ്രീരാമകൃഷ്ണ മിഷൻ ജനറൽ സെക്രട്ടറി സ്വാമി സുവീരാനന്ദയാണ് അറിയിച്ചത്. മാ ശാരദാ ദേവി സീതയെപ്പോലെ, രാധയെപ്പോലെ, വിഷ്ണുപ്രിയാ ദേവിയെ പോലെ മാതൃകാ അവതാരമായി ആരാധിക്കപ്പെടുന്നവരാണെന്നും ദേവിയുടെ ആദർശം എല്ലാ ജാതി,മത, വർഗ്ഗ വ്യത്യാസങ്ങൾക്കും അപ്പുറമാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.
സ്വാമി വിവേകനാന്ദന്റെ ഗുരുപത്‌നി മാ ശാരദാ ദേവി തന്നെയാണ് മമതാ ബാനർജിയായി ജന്മമെടുത്തതെന്നും ദേഹത്യാഗം ചെയ്യുന്നതിന് മുമ്പ് താൻ കൊൽക്കത്തയിൽ തന്നെ മനുഷ്യ അവതാരമായി തന്നെ ജന്മമെടുക്കുമെന്ന് വിവേകാനന്ദന്റെ കൈപിടിച്ച് പറഞ്ഞിരുന്നുവെന്ന പ്രസ്താവനയാണ് മാഝീ നടത്തിയത്. സാമൂഹ്യപ്രവർത്തന രംഗത്തായിരിക്കും താൻ അവതരിക്കുകയെന്ന് മാ ശാരദ പറഞ്ഞിരുന്നുവെന്നും സംഖ്യാശാസ്ത്ര പ്രകാരം അത് മമതാ ബാനർജി തന്നെയാണെന്നതിൽ സംശയമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും യാതൊരു വിധ പ്രതികരണവും നടത്തരുതെന്ന കർശന നിർദ്ദേശമാണ് മമതാ ബാനർജി നൽകിയിരിക്കുന്നത്.
Post Your Comments