ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി സ്ഥാനംനിന്നും നടി ദിവ്യ സ്പന്ദന രാജിവെച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്നും താന്‍ രാജിവെച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുതിര്‍ന്ന നേതാക്കളുമായി താന്‍ അകലുന്നു എന്നത് പോലെയുള്ള കിംവദന്തികളില്‍ സത്യത്തിന്റെ അംശമില്ലെന്നും ദിവ്യ വ്യക്തമാക്കി. തന്റെ രാജി സംബന്ധിച്ച് പുറത്തു വരുന്നത് വ്യാജ വാര്‍ത്തകള്‍ മാത്രമാണ്.
അതൊന്നും ശ്രദ്ധിക്കുന്നതിന് എനിക്ക് സമയമില്ല. പാര്‍ട്ടിയില്‍ തന്റെ ഉത്തരവാദിത്വങ്ങളില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല. തന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ ജോലിയില്‍ ശ്രദ്ധിക്കുമെന്നും ദിവ്യ സ്പന്ദന കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയാണ് തന്നെ ചുമതലകള്‍ ഏല്‍പ്പിച്ചതെന്നും അദ്ദേഹത്തിന് തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു സംഘമാണ്. ഇതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ താനല്ല കൈകാര്യം ചെയ്യുന്നതെന്നും അതിനായി നിയോഗിക്കപ്പെട്ടവരാണെന്നും അവര്‍ വ്യക്തമാക്കി. താന്‍ ആരുടെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാറില്ലെന്നും താനൊരു സോഷ്യല്‍ മീഡിയ വിദഗ്ധയല്ലെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി യോഗങ്ങള്‍ നടക്കുമ്പോള്‍ ദിവ്യ സ്പന്ദന ഡല്‍ഹിയില്‍ ഉണ്ടാകാറില്ലെന്നും യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചുമതലക്കാരിയായ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ ഡല്‍ഹി വിട്ടുനിന്നിട്ടില്ലെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ വലിയ വാര്‍ത്തയായി മാറുന്നത് ഇന്നത്തെ പത്രപ്രവര്‍ത്തനത്തിന്റെ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് കൈകടത്തുന്നതായുള്ള വാര്‍ത്തകളെയും അവര്‍ നിഷേധിച്ചു. പാര്‍ട്ടിയുടെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ രൂപവത്കരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലവനാണ് ജയ്‌റാം രമേശ്. അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുണ്ടാകുന്നത് സന്തോഷകരവും ഏറെ സഹായകരവുമാണെന്നും അവര്‍ വ്യക്തമാക്കി.
രമ്യ എന്ന പേരില്‍ ചലച്ചിത്ര രംഗത്ത് അറിയപ്പെടുന്ന നടികൂടിയായ ബെംഗളൂരു സ്വദേശിനി ദിവ്യ സ്പന്ദന കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗത്തെ സജീവമാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു. വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമാകുന്ന തരത്തില്‍ സാമൂഹിക മാധ്യമ ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനും അവര്‍ക്കു കഴിഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗമാണ് ഇവര്‍.
Post Your Comments