Latest NewsTravel

കുറഞ്ഞ ചിലവിൽ വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നവർക്കായി ഒരു അത്ഭുതദ്വീപ്

വലിയ ചെലവൊന്നുമില്ലാതെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആസ്വദിക്കാന്‍ പറ്റിയ ഒരിടം

നിറഞ്ഞൊഴുകുന്ന തെളിവെളളത്തിന്‍റെ സൗകുമാര്യതയും അലതല്ലുന്ന തിരമാലകളുടെ ആര്‍ത്തനാദങ്ങളും മനസിനെയും ശരീരത്തേയും കുളിരണിയിക്കുന്ന ഇളംകാറ്റും ഇതെല്ലാമാണ് ആളുകളെ ദ്വീപിലേക്ക് അടുപ്പിക്കുന്ന സുവര്‍ണ്ണ നിമിഷങ്ങള്‍. അതിനാന്‍ തന്നെ ഹണിമൂണായാലും സൗഹൃദ വിനോദ യാത്രയായാലും ജോലിയില്‍ നിന്നുളള ഇടവേളകളിലും ആഘോഷിക്കാന്‍ ഒരിടം ആലോചിക്കുമ്പോള്‍ നമ്മുടെ മനസില്‍ പൂവണിയുന്നത് ഏതെങ്കിലും ബീച്ചിലേക്ക് (ദ്വീപിലേക്ക് ) യാത്രയാകാം എന്നാണ്. അങ്ങനെ അവധി ദിനങ്ങള്‍ ആഘോഷിക്കാനായി നമ്മള്‍ അറിയാവുന്ന അടുത്ത ബീച്ചിലേക്ക് പുറപ്പെടും.. പാതിരാമണല്‍ അല്ലെങ്കില്‍ ഫോര്‍ട്ട് കൊച്ചി ബീച്ച്, അതുമല്ലെങ്കില്‍ ആലപ്പുഴ, തിരുവനന്തപുരത്തുളള ബീച്ച് അങ്ങനെ നീണ്ടുപോകും നമ്മുടെ സന്തോഷനിമിഷങ്ങള്‍ക്കായി കണ്ടെത്തുന്ന സ്ഥലങ്ങളുടെ ലിസ്റ്റ്.

എന്നാല്‍ കേരളത്തിന് പുറത്ത് ഇത്തിരി അകലെയായി, ഈ അകലമെന്ന് പറയുന്നത് വലിയ ദെെര്‍ഘ്യമില്ല അവിടെ ഒരു അത്ഭുത ദ്വീപുണ്ട്. നാം ഇതുവരെ അനുഭവിച്ചറിയാതെ പോയ ഒരു സുന്ദരദ്വീപ്. അവിടേക്കാണ് നമ്മളുടെ ഇനിയുളള യാത്ര. മനസില്‍ തെളിനീര്‍ ജലത്തിന്‍റെ സന്തോഷ മുത്തുമണികള്‍ പൊഴിക്കുന്ന ആ ദ്വീപിന്‍റെ പേര് സെന്‍റ് മേരീസ്. ഈ മനോഹര ദ്വീപ് നിലകൊളളുന്നത് നമ്മുടെ അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയിലെ ഉടുപ്പി എന്ന സ്ഥലത്താണ്. കേരളത്തില്‍ നിന്നും കര്‍ണാടകത്തിലെ ഉടുപ്പിയിലേക്ക് വലിയ ദൂരമില്ലാതെ ചെന്നണയാവുന്ന തുരുത്താണ് സെന്‍റ് മേരീസ് ദ്വീപ്. വലിയ ചെലവൊന്നുമില്ലാതെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആസ്വദിക്കാന്‍ പറ്റിയ ഒരിടം.

കേരളത്തില്‍ നിന്നും ഉടുപ്പിയിലേക്ക് പോകുന്ന ഒരു തീവണ്ടി യാത്രക്കായി തിരഞ്ഞെടുക്കുന്നതാവും ഉത്തമം. കാരണം ഇത് നിങ്ങളുടെ യാത്ര ചിലവില്‍ വലിയ കുറവ് വരുത്തും. രാത്രിസമയം പുറപ്പെടുന്ന തീവണ്ടികളില്‍ യാത്ര പുറപ്പെടുന്നതാവും കൂടുതല്‍ അഭികാമ്യം. കാരണം യാത്രിയായാല്‍ ഏകദേശം രാവിലെ ഒരു 7 മണിയോട് കൂടി അവിടെ എത്തിച്ചേരാം. അവിടെയും കുറച്ച് തുക നമുക്ക് ലാഭിക്കാം. രാത്രി ട്രെയിനില്‍ പുറപ്പെടുന്നതിനാല്‍ തീവണ്ടിയില്‍ തന്നെ നിങ്ങള്‍ക്ക് വിശ്രമിക്കാം. കൂടാതെ തിരക്കില്ലാത്ത ട്രെയിന്‍ കൂടി തിരഞ്ഞെടുക്കുകയാണെങ്കില്‍ ജനറല്‍ ടിക്കറ്റ് എടുത്താലും നിങ്ങള്‍ക്ക് വിശാലമായി ഉറങ്ങി തന്നെ ഉടുപ്പി വരെ എത്താം. രാവിലെ ഉടുപ്പിയില്‍ എത്തുന്ന ട്രെയിനില്‍ കയറിയാൽ അവിടെ തങ്ങുന്നതിനായി പ്രത്യേകം മുറിയും വാടകയ്ക്ക് എടുക്കേണ്ട എന്ന ഗുണവും ഉണ്ട്.

ഉടുപ്പി റയില്‍വേ സ്റ്റേഷനില്‍ എത്തിയാല്‍ സ്റ്റേഷനില്‍ തന്നെ ഫ്രഷ് ആകുന്നതിനുളള സൗകര്യം നിങ്ങള്‍ക്ക് ലഭിക്കും. ഫ്രഷ് ആയതിന് ശേഷം അവിടെ നിന്നും ഒരു 15 മിനിറ്റ് നടന്നാൽ മെയിൻ റോഡിൽ എത്താം. ഇനി ഓട്ടോ വേണ്ടവർക്ക് ഓട്ടോ വിളിക്കാം. സ്റ്റേഷന് തൊട്ടു താഴെ പ്രീപെയ്‌ഡ്‌ ഓട്ടോ സർവീസ് ഉണ്ട്. 80 രൂപ കൌണ്ടറിൽ അടച്ചാൽ ഉഡുപ്പി ബസ് സ്റ്റാന്റിൽ ഇറക്കി തരും. പക്ഷെ നടക്കുന്നത് ആയിരിക്കും ലാഭം. മെയിൻ റോഡിൽ എത്തിയാൽ അവിടെ നിന്ന് ഉഡുപ്പി സ്റ്റാൻഡിലേക്ക് ബസ് കിട്ടും. 8 രൂപയാണ് ചാർജ്. സ്റ്റാൻഡിൽ എത്തിയാൽ പിന്നേ മാൽപെയിലേക്ക് ബസ് കയറണം.

സ്റ്റാൻഡിൽ ഏത് സമയത്തും മാൽപെയിലേക്ക് ബസ് ഉണ്ടാവും. 10 രൂപയാണ് ബസ് ചാർജ്. മാൽപെ ഒരു ഹാർബർ പ്രദേശം ആണ്. അത് കൊണ്ട് തന്നെ അവിടെ നിന്ന് കഴിയുന്നതും ഒന്നും കഴിക്കാതെ ഇരിക്കുക. ചായ പോലും ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്. ആവശ്യം എങ്കിൽ ബിസ്കറ്റ് പോലെ ഉള്ള പാക്കറ്റ് ഐറ്റംസ് വാങ്ങാം . മാൽപെയിൽ നിന്ന് ഒരു 10 മിനിറ്റ് ഹാർബറിന്റെ അരികിൽ കൂടി നടന്നാൽ ദ്വീപിലേക്ക് ഉള്ള ബോട്ട് സർവീസ് സ്റ്റേഷനിൽ എത്താം.

9.30 ന് ടിക്കറ്റ് കൌണ്ടർ തുറക്കും. 30 പേർ ആയാൽ മാത്രമേ ബോട്ട് എടുക്കുകയുള്ളൂ. 250 രൂപയാണ് ടിക്കറ്റ് ചാർജ്. കുട്ടികൾക്കും പ്രായമായവർക്കും 150 രൂപ മതി. ആവശ്യമെങ്കിൽ 5 രൂപ കൊടുത്തു ബാത്ത്റൂം ഉപയോഗപെടുത്താം. ബോട്ട് എടുക്കുന്ന വരെ കടൽ കാഴ്ചകൾ കണ്ടു വിശ്രമിക്കുകയും ചെയ്യാം. മുക്കാൽ മണിക്കൂറോളം എടുക്കും ബോട്ട് ദ്വീപിൽ എത്താൻ. നല്ല പാട്ട് കേട്ടു വേണമെങ്കിൽ ഡാൻസും ചെയ്തു ബോട്ട് യാത്ര ആസ്വദിക്കാം. ദ്വീപിനോട് അടുക്കുമ്പോൾ ബോട്ടിൽ നിന്ന് മറ്റൊരു ചെറിയ ബോട്ടിലേക്ക് മാറണം. പിന്നേ നേരെ ദ്വീപിലേക്ക്. ദ്വീപിൽ പ്ലാസ്റ്റിക് കയറ്റി വിടില്ല. ചെക്ക് ചെയ്തതിനു ശേഷം മാത്രമേ അകത്തു കയറ്റുകയുള്ളൂ. 4 മണിവരെ ദ്വീപിൽ ചിലവഴിക്കാം. ഇതിനിടയിൽ എപ്പോള്‍ വേണമെങ്കിലും നമുക്ക് തിരിക്കാം. 4 മണി വരെ ബോട്ട് സർവീസ് ഉണ്ടാവും. നല്ല തെളിഞ്ഞ വെള്ളം തന്നെ ആണ് മറ്റു ടൂറിസ്റ്റു ദ്വീപുകളെ പോലെ ഇവിടുത്തെയും പ്രത്യേകത.

കുടുംബത്തിനും കൂട്ടുകാർക്കും ഹണിമൂൺ ജോഡികൾക്കും ഒരുപോലെ സമയം ചിലവഴിക്കാൻ പറ്റിയ ദ്വീപ് ആണ് സെന്‍റ് മേരീസ് . ഉച്ചക്ക് മുൻപ് തിരിക്കുകയാണെങ്കിൽ നല്ലൊരു ഉഡുപ്പി വെജിറ്റേറിയൻ ഊണും കഴിച്ചു 2.30 ന് ഉള്ള ട്രെയിനിൽ നാട്ടിലേക്കു തിരിക്കാം…..ഏകദേശം 550 – 600 രൂപ കൂടിപ്പോയാല്‍ 1000 രൂപ ചെലവില്‍ പോയി വരാവുന്ന സുന്ദര ദ്വീപ്… ഇനി അടുത്ത ട്രിപ്പ് ആ അത്ഭുതദ്വീപിലേക്ക് ഒരു യാത്ര പോകാം…പ്രിയപ്പെട്ടവരുമായി ചെലവഴിക്കുന്ന മധുര നിമിഷങ്ങള്‍ക്ക് നമുക്ക് അവിടെ സാക്ഷിയാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button