തിരുവനന്തപുരം: ഹൈടെക് രീതിയിൽ ലഹരി മരുന്ന് കച്ചവടം; രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിലായി. കര്‍ണാടക ഹസന്‍ ജില്ലയില്‍ നാങ്ക നഹള്ളി സ്വദേശി മുഹമ്മദ് ജാബിര്‍(26) ആണു പിടിയിലായത്. ഇയാള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. രാജ്യാന്തര വിപണിയില്‍ രണ്ടരക്കോടി വിലവരുന്ന എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സിമെത്താ ഫിറ്റമിന്‍) എന്ന ലഹരിവസ്തുവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
വികസിപ്പിച്ചെടുത്ത പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇടപാടുകാരുമായി ബന്ധപ്പെട്ട് ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ കൈമാറുകയും വ്യാപാരം ഉറപ്പിച്ചു ലഹരിമരുന്ന് കൈമാറുന്നതുമായിരുന്നു സംഘത്തിന്റെ രീതി. സംഘത്തിലെ ആരെയെങ്കിലും പോലീസ് പിടികൂടിയെന്നു സംശയമുണ്ടായാല്‍ അയാളുടെ മൊബൈല്‍ ഓണാക്കാതെ തന്നെ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മറ്റൊരു സ്ഥലത്തു നിന്ന് ഈ ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ആപ്ലിക്കേഷന്റെ പ്രത്യേകത.
ഇവരെ സിറ്റി ഷാഡോ പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണു പ്രതി പിടിയിലായത്. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട എല്‍എസ്ഡി, മെത്ത് എന്നീ ലഹരി മരുന്ന് അടുത്തിടെ സിറ്റി ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണല്‍ പി.പ്രകാശിന്റെ നിർദേശത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പോലീസ് സംഘം രൂപീകരിച്ചു നടത്തിയ നീക്കത്തിലാണ് ഇയാള്‍ വലയിലായത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശാസ്ത്രീയ പരിശോധന വഴി മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ ശേഖരിച്ച് സംഘാംഗങ്ങളെ പിടികൂടുമെന്നും കമ്മിഷണര്‍ പി.പ്രകാശ് അറിയിച്ചു.
Post Your Comments