തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന് എയറോഡ്രോം ലൈസന്‍സ് അനുവദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എയറോഡ്രോം ലൈസന്‍സാണ് അനുവദിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് നല്‍കിയത്.
ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നവംബര്‍ മുതല്‍ നടത്തുന്നതിനുള്ള സാങ്കേതിക അനുമതി നേരത്തെ ലഭിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. അത് ഒക്ടോബറില്‍ തന്നെ ലഭ്യമാകുമെന്നാണ് വിവരം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റ(ഐഎല്‍എസ്)ത്തിന്റെ കാലിബ്രേഷന്‍ നടത്തിയതിനു പുറമെ അതുപയോഗിച്ചുള്ള പരീക്ഷണപ്പറക്കലും നേരത്തെ നടന്നിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ലൈസന്‍സ് ലഭിച്ചാല്‍പ്പിന്നെ അവശേഷിക്കുന്നത് എയ്‌റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷനാണ്. ലോകത്തെങ്ങുമുള്ള വിമാനക്കമ്പനികളും പൈലറ്റുമാരും അറിഞ്ഞിരിക്കേണ്ട സൂക്ഷ്മകാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ലൈസന്‍സ് ലഭിച്ചാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് തടസ്സമില്ലെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടിവരും.
Post Your Comments