പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭം ഓര്‍ക്കുക. ഒരു പാര്‍ലമെന്റംഗം പ്രധാനമന്ത്രിയോട് പെരുമാറുന്നതിന് ചില ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. ആ പ്രോട്ടോക്കോള്‍ രാഹുല്‍ മാനിച്ചില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് ഓര്‍മ്മിപ്പിക്കേണ്ടി വന്നു. നിയമവിദഗ്ധരും അത് ശരി വയ്ക്കുന്നുണ്ട്. അതുപോലെ തന്നെ ചില ലിഖിതങ്ങളും അലിഖിതങ്ങളുമായ പ്രോട്ടോക്കോള്‍ സമൂഹത്തിന്റ വിവിധ മേഖലകളില്‍ അറിഞ്ഞോ അറിയാതെയോ നാം പുലര്‍ത്തുന്നു. കുടുംബത്തിലുമുണ്ട് അത്തരം ചില കീഴ് വഴക്കങ്ങള്‍. അച്ഛനോട് മക്കള്‍ക്ക് സ്നേഹം നിറഞ്ഞ ആദരവും ബഹുമാനവുമാണെങ്കില്‍ അമ്മയ്ക്ക് ലഭിക്കുന്നത് ആ ബഹുമാനത്തിനും ആദരവിനും അപ്പുറം കടലോളം സ്നേഹമാണ്. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും ഇടയില്‍ വ്യത്യാസം സൃഷ്ടിക്കപ്പെടുന്നെന്നോ മക്കള്‍ പക്ഷഭേദം കാണിക്കുന്നു എന്നോ ലോകത്ത് ഒരു മാതാപിതാക്കളും പരാതി പറയാനോ അതിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോകാനോ തയ്യാറാകുന്നില്ല എന്നോര്‍ക്കണം. മനുഷ്യാവകാശത്തിന്റെയോ ലിംഗസമത്വത്തിന്റെയോ പേരില്‍ മാറ്റാവുന്നതല്ല പലതും. തത്വം അസി എന്ന മഹാ വാക്യത്തിന്റെ ബലത്തില്‍ ശബരിമലയില്‍ സ്ത്രീ പുരുഷ സമത്വം വാദിക്കുന്നവര്‍ നാം തന്നെയാണ് അവിടെയുള്ളതെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ മാനുഷികമായ തലത്തില്‍ നിന്നുകൊണ്ടുതന്നെ അവിടെയുള്ള മൂര്‍ത്തിയുടെ മൂര്‍ത്തി സങ്കല്‍പ്പത്തെ നാം ബഹുമാനിക്കണം give respect and take respect.
ആചാരം എന്തെന്നറിയാതെ അനാചാരം പറയുന്നവര്‍
വിശ്വാസവും ആചാരവും ശുദ്ധ സങ്കല്‍പ്പത്തില്‍ തപസിന്റെ ഫലം തരുന്നവയാണ്. പക്ഷേ ആചാരം അറിയാത്തവര്‍ അനാചാരത്തെക്കുറിച്ച് സംസാരിക്കുന്നു, വിശ്വാസത്തിന്റെ ശക്തിയും പവിത്രതയും അറിയാത്തവര്‍ വിശ്വാസത്തിനായി നില കൊള്ളുന്നു. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില കാര്യങ്ങളിലൂടെയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട് കടന്നുപോകുന്നത്. കോടിക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് നീതി നടപ്പിലാക്കി കിട്ടാന്‍ പതിറ്റാണ്ടുകളായി കോടതികളില്‍ കയറിയിറങ്ങി സാധാരണക്കാരന്‍ ദുരിതമനുഭവിക്കുന്നു. പക്ഷേ വിശ്വാസം, മതം, ആചാരങ്ങള്‍ തുടങ്ങിയ സെന്‍സിറ്റീവ് വിഷയങ്ങളില്‍ വാദം കേള്‍ക്കാനും വിധി പറയാനും കോടതികള്‍ ഉത്സാഹം കാണിക്കുന്നു. നൂറ് ശതമാനം അഴിമതിയില്‍ മുങ്ങിയ വ്യക്തിയെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കോടതിയില്‍ നിന്ന് വിധി വന്നാല്‍ അത് അന്തിമമല്ലെന്നും നീതി ന്യായവ്യവസ്ഥയില്‍ ഇനിയും വഴികളുണ്ടെന്നും മുഖ്യമന്ത്രി ആദ്യം പ്രതികരിക്കും. കുറ്റാരോപിതന്റെ പാര്‍ട്ടിയും അനുയായികളും അതേറ്റുപറയും.
എന്തായാലും കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായ ശബരിമല സ്ത്രീ പ്രവേശനത്തോടനുബന്ധിച്ചുള്ള ഉത്തരവില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ വികാരത്തിന് സര്‍ക്കാര്‍ പുല്ലുവില കൊടുക്കുന്ന കാഴ്ച്ചയാണ് മുന്നില്‍. പതിറ്റാണ്ടുകളായി തുടരുന്ന ഒരു ആചാരത്തിന്റെ പിന്‍ബലത്തിലാണ് ശബരിമല ലോകമെങ്ങും അറിയപ്പെടുന്നത്. ശബരിമലയെ ശബരിമലയാക്കുന്ന ചില സങ്കല്‍പ്പങ്ങളുണ്ട്. അതിന്റെ തെറ്റും ശരിയും ചോദ്യം ചെയ്ത് മറ്റേതൊരു ക്ഷേത്രം പോലെയും അതിനെയും ആക്കിത്തീര്‍ക്കുന്നതോടെ അവസാനിക്കുന്നതാണ് ശബരിമലയുടെ വിശുദ്ധി. അയ്യപ്പസ്വാമിയുടെ ബ്രഹ്മചര്യ സങ്കല്‍പ്പം അതില്‍ മുന്നിലാണ്. ബ്രഹ്മചാരിയായ ഒരാള്‍ അനുവര്‍ത്തിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്. അതുപോലെ തന്ന ആ ഭാവത്തിലിരിക്കുന്ന വ്യക്തിയോടും ദേവതാ സങ്കല്‍പ്പത്തോടും നാം പുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്. അതു തിരിച്ചറിഞ്ഞ് ആചരിക്കപ്പെടുന്നതാണ് സംസ്‌കാരം. ലോകം മുഴുവന്‍ അംഗീകരിച്ച വിവേകാനന്ദ സ്വാമികള്‍ പോലും ബ്രഹ്മചാരികളായ ശിഷ്യന്‍മാരെ ഗൃഹസ്ഥാശ്രമികളായവരില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നതായി വായിച്ചിട്ടുണ്ട്. നിലവില്‍ പല ആശ്രമങ്ങളിലും ബ്രഹ്മചാരികളായ അന്തേവാസികള്‍ക്ക് എരിവും പുളിയും അധികമില്ലാത്ത സാത്വികമായ പ്രത്യേകം ഭക്ഷണം തയ്യാറാക്കുന്നു. ഒരോ ക്ഷേത്രവുമായി ബന്ധപ്പെട്ടും ആചാരങ്ങളിലും താന്ത്രിക വിധികളിലും ഒരുപാട് വ്യത്യാസങ്ങളുണ്ടാകും. അവയുടെ എബിസിഡി പോലും കേള്‍ക്കാത്ത അഥവാ കേട്ടാലും പുച്ഛിച്ചു തള്ളുന്ന ഒരു വിഭാഗം സമത്വവാദികളുടെ മുന്നില്‍ അവയൊക്കെ വിശദീകരിക്കുന്നത് പാഴ്ശ്രമം ആയതിനാല്‍ അവയൊന്നും വിശദീകരിക്കുന്നില്ല.
മൂര്‍ത്തിപൂജ ഭാവത്തിന് അനുസരിച്ച്
ഒരു വീട്ടിലേക്ക് സന്ദര്‍ശനത്തിന് ചെന്നാല്‍ അവിടെയുള്ളവര്‍ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറണം എന്ന് ശഠിക്കുന്നതുപോലെ തന്നെയാണ് ദേവാലയങ്ങളിലെ സ്ഥിതിയും. ആലയം എന്നാല്‍ വീട് എന്ന് തന്നെയാണ് അര്‍ത്ഥം. ദേവന്റെ ആ വീടിന് അതിന് അനുസൃതമായ ചില രീതികളും ആചാരങ്ങളുമുണ്ട്. ഓരോ ദേവനും ഓരോ ഭാവമാണ് സങ്കല്‍പ്പിച്ചുനല്‍കുന്നത്. ഉഗ്രമൂര്‍ത്തി സങ്കല്‍പ്പത്തിലുള്ള ക്ഷേത്രങ്ങളില്‍ മന്ത്രവും പൂക്കളും നിവേദ്യവും അതിന് അനുസരിച്ച് മാറും. ദേവന്റെ സാത്വിക ഭാവത്തിന് അനുസൃതമായാവും അര്‍ച്ചിക്കാനുള്ള പൂക്കള്‍ കൂടി ചില ക്ഷേത്രങ്ങളില്‍ തെരഞ്ഞെടുക്കുന്നത്. അതുതന്നെയാണ് ശബരിമലയിലും അനുവര്‍ത്തിക്കപ്പെടുന്നത്. ശബരിമലയില്‍ ബ്രഹ്മചാരീഭാവത്തിന് അനുസൃതമായ മന്ത്രങ്ങളോ പൂജകളോ ആചാരങ്ങളോ ഉണ്ടെന്ന് അക്കാര്യത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് കണ്ടെത്താനായില്ലെങ്കില്‍ തന്നെ കോടിക്കണക്കിന് വരുന്ന ഭക്തര്‍ അയ്യപ്പന് നല്‍കുന്ന ബ്രഹ്മചര്യഭാവം എങ്ങനെ തെറ്റാണെന്ന് വാദിക്കാനാകും. ശ യോഗാവസ്ഥയിലിരുക്കുന്ന നൈഷഠികബ്രഹ്മചാരിയായാണ് പതിറ്റാണ്ടുകളായി അയ്യപ്പന്‍ സങ്കല്‍പ്പിക്കപ്പെടുന്നത്. ഏത് മന്ത്രം കൊണ്ട് അര്‍ച്ചന ചെയ്താലും ഏത് നിവേദ്യം സമര്‍പ്പിച്ചാലും കാലങ്ങളായി അയ്യപ്പനെ പൂജിക്കുന്ന തന്ത്രിമാര്‍ക്കും മേല്‍ശാന്തിമാര്‍ക്കും അയ്യപ്പന്‍ ബ്രഹ്മചാരിയായ കലിയുഗവരദനാണ്. ആ ഭാവത്തില്‍ സങ്കല്‍പ്പിച്ചാണ് ഓരോ അര്‍ച്ചനയും നടക്കുന്നതും. പോരാത്തതിന് മാലയിട്ട അന്ന് മുതല്‍ പരസ്പരം അയ്യപ്പാ എന്ന് സംബോധന ചെയ്ത് വ്രതമെടുത്തുവരുന്ന കോടിക്കണക്കിന് ഭക്തര്‍ക്കും അതേ സങ്കല്‍പ്പം തന്നെയാണ്. എല്ലാ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അപ്പുറമാണ് സങ്കല്‍പ്പത്തിന്റെ ശക്തി. ആധുനിക മനശാസ്ത്രത്തെപ്പോലും വിസ്മയിപ്പിക്കുന്ന മനസിന്റെ കരുത്താണത്. യത് ഭാവം തത് ഭവതി എന്നാണ്. എങ്ങനെ സങ്കല്‍പ്പിക്കുന്നോ അങ്ങനെ ഭവിക്കുന്നു.
ചാനല്‍ചര്‍ച്ചകളില്‍ വിശ്വാസികളുടെ പക്ഷം പിടിക്കുന്നവര്‍ ഉയര്‍ത്തുന്ന കാരണങ്ങള്‍ പലതും യുക്തിരഹിതമാണെന്ന് ഖേദത്തോടെ പറയുന്നു. അയ്യപ്പസ്വാമിക്ക് സ്ത്രീകള്‍ വന്നാല്‍ ബുദ്ധിമുട്ടാകും മാളികപ്പുറത്തമ്മയെ അത് വിഷമിപ്പിക്കില്ലേ എന്നൊക്കെയുള്ള കാരണങ്ങള്‍ നിരത്തുന്നത് അപഹാസ്യമാണ്. പകരം സ്ത്രീകള്‍ കയറണം എന്നു വാദിക്കുന്നവര്‍ക്ക് കൃത്യമായ വാദങ്ങളുണ്ട്, നിലപാടുകളുണ്ട്. അമിതമായ വൈകാരിക പ്രകടനങ്ങളൊന്നും കാഴ്ച്ച വയ്ക്കാതെ ശാന്തമായി അത് അവതരിപ്പിക്കുന്നതിനുള്ള കഴിവുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ക്ഷേ്ത്രങ്ങളിലെ ആചാരങ്ങളെക്കുറിച്ചും ആര്‍ത്തവ അശുദ്ധിയെക്കുറിച്ചും മറ്റും സംസാരിക്കാന്‍ എത്തുന്നവരില്‍ ഈ വക ഗുണങ്ങളൊന്നും കാണുന്നില്ല. മല മൂത്ര വിസര്‍ജ്ജനം നടത്തി ശുദ്ധി വരുത്താതെ വീടിനുള്ളില്‍ പെരുമാറുന്നവര്‍ക്ക് അശുദ്ധി അറിയില്ല. ആര്‍ത്തവകാലം അവര്‍ക്ക് ശരീരത്തിന് അശുദ്ധി വരുത്തുന്നതായി അവര്‍ കരുതുന്നുമില്ല. ഏതെങ്കിലും ശാസ്ത്രങ്ങള്‍ കൊണ്ടോ ശ്ലോകം കൊണ്ടോ സമര്‍ത്ഥിക്കേണ്ടതല്ല അത്. സ്വയം തോന്നേണ്ട മാനസികാവസ്ഥയാണ്. അത് തോന്നാത്തവര്‍ക്ക് അമ്പലങ്ങളില്‍ പോകാന്‍ കുളിക്കണമെന്നോ മുഷിഞ്ഞുനാറാത്ത വസ്ത്രം വേണമെന്നോ ഒരിക്കലും ചിന്തിക്കാനാകില്ല. അവരെ തിരുത്തുക എന്നത് എളുപ്പമല്ലെങ്കിലും അതിന് ചുമതലപ്പെട്ടവര്‍ പക്ഷേ അതിന് ശ്രമിക്കാതെ സംസ്‌കാരത്തിന്റെ എല്ലാ കെട്ടുറപ്പുകളും ഇടിച്ചുനിരത്തി സംരക്ഷിക്കുന്നു. ഒരു നാടിന്റെ അല്ലെങ്കില്‍ ജനതയുടെ സംസ്‌കാരത്തെ പതിയെ ഇല്ലാതാക്കുന്നത് എത്രത്തോളം അപകടകരമാകുമെന്ന് കാലം പലകുറി പല ദേശങ്ങളിലായി തെളിയിച്ചതാണ്.
അത്ഭുതപ്പെടുത്തും സര്‍ക്കാരിന്റെ പ്രതിബദ്ധത
വാദിക്കാനോ ജയിക്കാനോ അല്ലാതെ സംസ്‌കാരത്തിന്റെ അപച്യുതിയില്‍ വേദനിക്കുന്ന വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് ശക്തമായി വിയോജിക്കുന്നു. സുപ്രീംകോടതിയുടെ വിധി എത്ര പെട്ടെന്നാണ് സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കാനൊരുങ്ങുന്നത്. മറ്റേതെങ്കിലും വിഷയത്തിലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര ഊര്‍ജ്ജിതമാകുമായിരുന്നോ. സര്‍ക്കാര്‍ ഇടതോ വലതോ എന്നതല്ല അത് എത്രമാത്രം ജനങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതും പ്രസക്തമാണ്. ഇവിടെ സര്‍ക്കാരിന് ഒരു പക്ഷം, മാത്രമേ ഉള്ളെന്ന് വ്യക്തം. അത് ശബരിമലയിലെ സങ്കല്‍പ്പത്തെ പാടേ നിരാകരിക്കുന്നതും ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കുന്നതുമാണ്. ഒരു ജനാധിപത്യ സര്‍ക്കാര്‍ ലിംഗസമത്വത്തിനായി നിലകൊള്ളുന്നത് അഭിമാനകരമാണ്. പക്ഷേ ഹിന്ദു ആചാരങ്ങളിലും അനുഷഠാനങ്ങളിലും ഇടപെട്ട് അത് നടപ്പിലാക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ഇനിയും പ്രാവര്‍ത്തികമാക്കാത്ത ലിംഗസമത്വത്തിന്‍െ എത്രയോ മേഖലകള്‍ ബാക്കിയാകുന്നു. ഇതരമതസ്ഥര്‍ക്കിടയിലെ പല പ്രശ്നങ്ങളിലും അത് വിശ്വാസത്തിന്റെ പേരിലായതിനാല്‍ ഇടപെടില്ലെന്ന് നയം വ്യക്തമാക്കുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വന്‍തിരിച്ചടി സൃഷ്ടിക്കുമെന്ന് ഓര്‍ക്കുക.
എത്ര കഴിവ് തെളിയിച്ചാലും പല സ്ഥാപനങ്ങളും സ്ത്രീകളെ പരമാധികാര സ്ഥാനത്ത് പോസ്റ്റ് ചെയ്യാറില്ല എന്നത് ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവു ചെയ്ത് അക്കാര്യത്തില്‍ ഒരു സര്‍വേ നടത്തുക. ലിംഗസമത്വം ഉറപ്പാക്കുന്ന സര്‍ക്കാര്‍ ഭരിക്കുന്നിടിത്ത് ഇത്രമാത്രം സ്ത്രീകള്‍ എങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നതെന്നും വ്യക്തമാക്കണം. സുരക്ഷിതമായി ഒറ്റയ്ക്ക് ജീവിക്കാനും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ലിംഗസമത്വത്തെക്കുറിച്ച് ഏത് കാലത്തിലാകും നമ്മുടെ സര്‍ക്കാരും സ്മത്വവാദികളും ചര്‍ച്ച ചെയ്യുന്നത്. സ്ത്രീ സമത്വത്തിന്റെ പേരില്‍ ശബരിമലയ്ക്ക് പോകാന്‍ കച്ച കെട്ടിനില്‍ക്കുന്ന എത്ര സ്ത്രീകള്‍ അത് സ്വന്തം വീട്ടില്‍ നടപ്പിലാക്കിയവരായിരിക്കും. നിങ്ങളുടെ വീടുകളില്‍ വീടിനകത്തുംം പുറത്തുമുള്ള ഉത്തരവാദിത്തങ്ങള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണോ നിറവേറ്റപ്പെടുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. വീട് തൂത്തുതുടച്ച് വൃത്തിയാക്കുന്നതിനും പാചകം ചെയ്യുന്നതിനും എച്ചില്‍പാത്രങ്ങള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുന്നതിനും ഭര്‍ത്താവും ആണ്‍മക്കളും ഒപ്പമുണ്ടെങ്കില്‍ സന്തോഷം. ആണ്‍മക്കളെപ്പോലെ തന്നെ സ്വാതന്ത്ര്യം നല്‍കിയാണ് പെണ്‍കുട്ടികളെയും വളര്‍ത്തുന്നതെങ്കില്‍ അതിലും സന്തോഷം. ഇതൊന്നും അല്ലെങ്കില്‍ സ്വന്തം വീട്ടില്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത സമത്വത്തിന്റെ പേരില്‍ വിശ്വാസത്തില്‍ ഇടപെടരുതെന്ന് ബഹുമാനപ്പെട്ട സഹോദരിമാരോട് അപേക്ഷിക്കുന്നു.
വിശ്വാസക്കാര്യത്തില്‍ തരം പോലെ സര്‍ക്കാരും മാധ്യമങ്ങളും (തുടരും)
Post Your Comments