ജക്കാര്‍ത്ത : ഭൂകമ്പവും സുനാമിയും സംഹാരതാണ്ഡവമായി ഇന്തോനേഷ്യയില്‍ മരണം 1407 ആയി. രാജ്യത്തെ കീഴ്മേല്‍ മറിച്ച ദുരന്തംനടന്ന‌് അഞ്ച‌് ദിവസം പിന്നിടുമ്പോഴും ഉള്‍നാടന്‍ മേഖലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ‌്. പതിനായിരത്തോളം കുട്ടികളടക്കം രണ്ട‌് ലക്ഷത്തോളം പേര്‍ക്ക‌് അടിയന്തരമായി സഹായം ആവശ്യമുണ്ടെന്ന‌് യുഎന്‍ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മരുന്നുക്ഷാമം ദുരിതാശ്വാസ ക്യാമ്പുകളെ ഭീതിയിലാഴ‌്ത്തി.
ആയിരക്കണക്കിന‌് ആളുകള്‍ക്ക‌് പരിക്കേറ്റെന്നും 70,000 വീട് പൂര്‍ണമായ് തകര്‍ന്നെന്നും സര്‍ക്കാര്‍ അറിയിച്ചു.ഇതിനിടെ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്നടിഞ്ഞ ഇന്തോനേഷ്യയെ സഹായിക്കാന്‍ ഇന്ത്യ ബൃഹത് പദ്ധതി രൂപീകരിച്ചു. ഓപ്പറേഷന്‍ സമുദ്ര മൈത്രിയെന്നാണ് പേര്. ഇതിന്റെ ഭാഗമായി രണ്ടു വിമാനങ്ങളിലും മൂന്ന് നാവിക സേനാക്കപ്പലുകളിലും ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു കഴിഞ്ഞു.ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോതോ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം തേടിയിരുന്നു.
അഭ്യര്‍ഥന സ്വീകരിച്ചാണ് പദ്ധതി തുടങ്ങിയത്. വൈദ്യസംഘം, മരുന്ന്, വസ്ത്രങ്ങള്‍, ഭക്ഷണം, കുടിവെള്ളം, ടെന്റിനുള്ള സാമഗ്രികള്‍, പുതപ്പുകള്‍ തുടങ്ങിയവയാണ് ഇന്നലെ അയച്ചത്. ഇന്ത്യന്‍ വൈദ്യസംഘം നാശനഷ്ടമുണ്ടായ മേഖലകളില്‍ ആശുപത്രികള്‍ തുറക്കും. കപ്പലുകള്‍ ഒക്‌ടോബര്‍ ആറിന് സുനാമി നാശം വിതച്ച സുലവേസിയില്‍ എത്തും. ഭൂകമ്പത്തിലും സുനാമിയിലും 1500 ഓളം പേരാണ് ഇതുവരെ മരിച്ചത്.
അതിനിടെ സുലാവേസി ദ്വീപില്‍ ബുധനാഴ‌്ച അഗ്നിപര്‍വത സ‌്ഫോടനമുണ്ടായി. മൗണ്ട‌് സോപുതാന്‍ അഗ്നിപര്‍വതമാണ‌് പൊട്ടിത്തെറിച്ചത‌്. ആളപായമില്ല. എന്നാല്‍, ഇതുവഴിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ഇത‌് ബാധിച്ചു. 25 രാജ്യങ്ങള്‍ ഇന്തോനേഷ്യയെ സഹായം അറിയിച്ചിട്ടുണ്ട‌്.
Post Your Comments