മാവുങ്കൽ: തെങ്ങുകയറ്റത്തില്‍ നിന്നും പാമ്പ് പിടുത്തക്കാരനായി മാറിയ ആനന്ദാശ്രമം പുലയനടുക്കത്തുകാരുടെ കെ വിപിന്റെ(28) ആകസ്മികമായ വേര്‍പാട് നാടിന്റെ കണ്ണ് നനയിച്ചു. നാട്ടിലെ ഏതു സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന വിപിന്‍ നാട്ടുകാര്‍ക്ക് ഏറെ ഉപകാരിയായിരുന്നു. പ്രളയക്കെടുതിയില്‍ മുങ്ങിത്താഴ്ന്ന ആലപ്പുഴ ജില്ലയില്‍ ഇരുപതു ദിവസത്തോളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തപ്പോഴാണ് വിപിന് പനി ബാധിച്ചത്.തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സക്കിടയിൽ ഇന്നലെ രാത്രി വിപിൻ ലോകത്തോട് വിടപറയുകയായിരുന്നു. വനംവകുപ്പ് അധികൃതരെ പാമ്പ് പിടുത്തത്തിനായി സഹായിച്ചിരുന്ന സുഹൃത്ത് ബൈജു പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ജോലി മതിയാക്കിയപ്പോഴാണ് വിപിന്‍ വനംവകുപ്പിനോടൊപ്പം പാമ്പ് പിടിക്കാന്‍ സഹായിയായി പോകാന്‍ തുടങ്ങിയത്.
ഇതിനിടയില്‍ തെങ്ങുകയറ്റവും തുടര്‍ന്നിരുന്നു. നാട്ടുകാര്‍ക്ക് സഹായിയായി എത്തിയിരുന്ന ഈ യുവാവിന്റെ മരണം നാടിനെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആനന്ദാശ്രമം പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലയനടുക്കത്തെ നാരായണന്‍-ശ്യാമള ദമ്ബതികളുടെ മകനാണ് വിപിന്‍. നാലുമാസം പ്രായമുള്ള മകനുണ്ട്. ഏക സഹോദരന്‍ ശ്യാംകുമാര്‍.
Post Your Comments