ഭോപ്പാല്‍•അഞ്ച് വയസുകാരിയെ രണ്ട് പുരോഹിതന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തതായി പോലീസ്. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് സംഭവം.
സംഭവത്തില്‍ പുരോഹിതന്മാരായ രാജു പണ്ഡിറ്റ് (55) ബതോളി പ്രജാപതി (45) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 376 (ബലാത്സംഗം) പ്രകാരവും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരും പ്രായപൂര്‍ത്തിയാകാത്ത മറ്റു പെണ്‍കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട, ഒരു കര്‍ഷകന്റെ മകളായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മധുരം നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടിയെ അമ്പലത്തിനുള്ളിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്ത ശേഷം അവളുടെ വീടിന് സമീപം കൊണ്ട് വിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്ക് കഠിനമായ വേദന അനുവഭപ്പെട്ടു. ഇതേക്കുറിച്ച് മാതാവ് പെണ്‍കുട്ടിയോട് ചോദിച്ചെങ്കിലും ആദ്യം ഒന്നും പറയാന്‍ പെണ്‍കുട്ടി തയ്യാറായില്ല. പക്ഷെ, പിന്നീട് തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരമറിയിച്ച ശേഷം പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം, ഇരു പുരോഹിതന്മാരും നിരവധി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നതായി ദാട്ടിയ ജില്ലാ പോലീസ് സുപ്രണ്ട് മായങ്ക് അവസ്തി പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഈ പുരോഹിതന്മാര്‍ ‘നല്ലതല്ല’ എന്ന് മാതാപിതാക്കളോട് പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും എസ്.പി പറഞ്ഞു.
Post Your Comments