തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംസ്‌കാരം ഇന്ന് നടന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ തന്റെ ദു:ഖം രേഖപ്പെടുത്തുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഈ ആവസരത്തിന്റെ ബാലുവുമായുള്ള തന്റെ ഓര്‍മകള്‍ പുതുക്കാനും അദ്ദേഹം മറന്നില്ല. പ്രിയപ്പെട്ട ബാലുവിനെ കാണാന്‍ കണ്ണൂരിലെ വീട്ടില്‍ നിന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെത്തിയത് ഇന്നലെ രാവിലെയാണ്.
ബാലു മരിച്ചത് അറിയാതെയാണ് അദ്ദേഹം വീട്ടിലെത്തിയത്. അതുകൊണ്ട് തന്നെ ആദ്യം ആശുപത്രിയിലെത്തി ബാലുവിനെ കണ്ട്, ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കണം എന്നായിരുന്നു തീരുമാനം. എന്നാല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ സുഹൃത്താണ് ബാലു മരിച്ച വിവരം അറിയിക്കുന്നത്. അദ്ദേഹം ബാലുവിനെ കുറിച്ച് പറയുന്നത് ഇങ്ങനെ,
”അനിയനെപ്പോലെ ആയിരുന്നു എനിക്ക് ബാലു. മംഗല്യപ്പല്ലക്ക് എന്ന ബാലുവിന്റെ ആദ്യ സിനിമയില്‍ വരികളെഴുതിയത് ഞാനായിരുന്നു. അന്നുതൊട്ട് ബാലുവിനെ അറിയാം. ബാലുവിന്റെ വിയോഗവാര്‍ത്ത പറഞ്ഞപ്പോള്‍ തകര്‍ന്നുപോയി. വിശ്വസിക്കാന്‍ സാധിക്കുന്നില്ല. താങ്ങാനും വയ്യ.” കൈതപ്രം കണ്ണീരോടെ പറയുന്നു. ബാലു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രാര്‍ത്ഥനയോടെയാണ് കാത്തിരുന്നത്.
എല്ലാക്കാര്യങ്ങളിലും വിളിച്ച് അഭിപ്രായം ആരായുകയും അന്വേഷിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു ബാലഭാസ്‌കര്‍. പതിനേഴാമത്തെ വയസ്സിലാണ് സിനിമയിലെത്തിയതെങ്കിലും സംഗീതത്തില്‍ വളരെ പക്വമായ നിലപാടുകളായിരുന്നു ബാലുവിന്റേതെന്ന് കൈതപ്രം പറയുന്നു. കണ്ണീരോടെയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ പൊതു ദര്‍ശനത്തിന് വച്ച് ബാലുവിന്റെ ഭൗതിക ശരീരത്തിന് അദ്ദേഹം അന്ത്യാജ്ഞലി അര്‍പ്പിച്ചത്.
Post Your Comments