തിരുവനന്തപുരം : വ്യക്തികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഗാന്ധിജയന്തിയുടെ ഭാഗമായി സായി എല്‍ എന്‍ സി പി ഇ സംഘടിപ്പിച്ച സ്വച്ഛ്ത ഹി സേവാ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമാണ് യഥാര്‍ത്ഥ ധനമെന്ന ഗാന്ധിജിയുടെ വാക്കുകളെ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ രാജ്ഭവന്‍ ക്യാമ്പസില്‍ നടക്കുന്നതു തന്റെ ദിനചര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെല്‍ത്ത്- റിയല്‍ വെല്‍ത്ത് എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ശാരീരിക ക്ഷമതയുടെ പ്രാധാന്യത്തെ കുറിച്ച് ഗാന്ധിജി ഏറെ മനസിലാക്കിയിരുന്നുവെന്നു സെമിനാറില്‍ അധ്യക്ഷത വഹിച്ച സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് യുവജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ രാജേഷ് കുമാര്‍, മുന്‍ ഡി ജി പി ഡോ. എം എന്‍ കൃഷ്ണമൂര്‍ത്തി, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ .ജോസ് ജെയിംസ്, അഖിലേന്ത്യാ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. പി. എസ്. എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു .
ഡോ. ഉഷ എസ് നായര്‍ നന്ദി രേഖപ്പെടുത്തി. ചടങ്ങില്‍ ഏഷ്യന്‍ ഗെയിംസ് താരങ്ങളുള്‍പ്പടെ പ്രമുഖ കായിക താരങ്ങളെ ആദരിച്ചു. സെമിനാറിന് ശേഷം ഗവര്‍ണര്‍ എല്‍ എന്‍ സി പി ഇ ക്യാമ്പസില്‍ രക്ത ചന്ദനത്തൈ നട്ടു. അര മണിക്കൂറിലധികം പ്രമുഖ കായിക താരങ്ങളോടൊപ്പം ഗവര്‍ണര്‍ ആശയ വിനിമയം നടത്തി.
Post Your Comments