ഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചതോടെ ഭാരതീയ കിസാന്‍ യൂണിയന് നടത്തിയ കിസാന്‍ ക്രാന്തി പദയാത്രയാണ് ഡല്‍ഹിയിലെ കിസാന്‍ ഘട്ടില്‍ ഇന്ന് രാവിലെ അവസാനിപ്പിച്ചത്. ഉന്നയിച്ച മിക്കവാറും എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഭാരതീയ കിസാന്‍ യൂണിയന് വക്താവ് രാകേഷ് തികൈത് പറഞ്ഞു. ആറ് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് സെപ്റ്റംബര്‍ 23ന് ആരംഭിച്ച പദയാത്ര ചൊവ്വാഴ്ച രാത്രിയോടെയാണ് കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിങ് സ്മാരകത്തില്‍ എത്തിച്ചേര്‍ന്നത്.
എം.എസ്. സ്വാമിനാഥന് കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുക, കരിമ്പു കര്‍ഷകര്‍ക്കു മില്ലുകള്‍ നല്‍കാനുള്ള കുടിശ്ശിക ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാക്ടറുകളുടെ ഉപയോഗത്തിനുള്ള വിലക്ക് റദ്ദാക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതി മെച്ചപ്പെടുത്തുക, കാര്‍ഷികകടം എഴുതിത്തള്ളുക, കര്‍ഷക പെന്ഷന് അനുവദിക്കുക, ഇന്ധനവില കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.
സമരം ഒത്തുതീര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നടപടി പ്രശ്നം ആളിക്കത്തിക്കാനുള്ള പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. കോണ്‍ഗ്രസും, ആയിരക്കണക്കിന് കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അഞ്ഞൂറോളം ട്രാക്ടറുകളില്‍ പ്രക്ഷോഭകര്‍ ഇവരെ അനുഗമിക്കുകയും ചെയ്തിരുന്നു.അരവിന്ദ് കെജ്രിവാളും കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Post Your Comments