കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തെ അനുകൂലിക്കാതെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ പോയി മുത്തിയവര്‍ക്കെതിരെ അഡ്വ ജയശങ്കര്‍.തന്റെ ഫേസ്ബുക്ക് പോസസ്റ്റിലാണ് ഇതിനെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. കൂടാതെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അനുകൂലിച്ച പ്രവാചകന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ തന്റെ പോസ്റ്റില്‍ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
ആ മനുഷ്യന്‍ നീ തന്നെ! എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ജലന്തര്‍ ബിഷപ്പിന്റെ ജയില്‍ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവര്‍ പൊതുജന മധ്യത്തില്‍ പരിഹാസ്യരാകുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം:-
ആ മനുഷ്യന്‍ നീ തന്നെ!
തന്റെ ശതാധിപനായ ഊറിയാവിനെ യുദ്ധത്തില്‍ കൊല്ലിച്ച് ടിയാന്റെ സുന്ദരിയായ ഭാര്യ ബെത് സെബയെ സ്വന്തമാക്കിയ ദാവീദ് രാജാവിന്റെയും രാജാവിന്റെ നേരെ വിരല്‍ ചൂണ്ടി ആ മനുഷ്യന്‍ നീ തന്നെ എന്നു തറപ്പിച്ചു പറഞ്ഞ നാഥാന്‍ പ്രവാചകന്റെയും കഥ ബൈബിള്‍ പഴയ നിയമത്തിലുണ്ട്. അതിനെ ഇതിവൃത്തമാക്കി സിജെ തോമസ് ഒരു നാടകവും എഴുതിയിട്ടുണ്ട്.
കേരള കത്തോലിക്കാ മെത്രാന്‍ സമിതി എറണാകുളത്തെ കന്യാസ്ത്രീ സമരത്തെ സഭാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ബലാത്സംഗ വീരന്‍ ഫ്രാങ്കോയെ തൈലം പൂശി വിശുദ്ധനാക്കുകയും ബിഷപ്പുമാരും കേരളാ കോണ്‍ഗ്രസ് നേതാക്കളും ഒന്നൊന്നായി പാലാ സബ് ജയിലില്‍ ചെന്ന് കൈമുത്തുകയും ചെയ്യുമ്പോള്‍, മറ്റൊരു നാഥാന്‍ പ്രവാചകന്‍ രംഗപ്രവേശം ചെയ്യുന്നു- മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര.
കര്‍ദിനാളിന്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്‌പേരുണ്ടാക്കി; കന്യാസ്ത്രീകളുടെ സമരം ന്യായയുക്തമായിരുന്നു എന്ന് ഭരണിക്കുളങ്ങര തീര്‍ത്തു പറഞ്ഞു.
കന്യാസ്ത്രീ സമരത്തിനു പിന്നില്‍ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയുമാണെന്ന വാദം ഇനി വിലപ്പോവില്ല. ഫ്രാങ്കോയ്ക്കു നേരെ ഇനിയും ചൂണ്ടുവിരലുകള്‍ നീണ്ടുവരും. ജലന്തര്‍ ബിഷപ്പിന്റെ ജയില്‍ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവര്‍ പൊതുജന മധ്യത്തില്‍ പരിഹാസ്യരാകും.
Post Your Comments