തിരുവനന്തപുരം: ചെറുമല്‍സ്യങ്ങളെ പിടിച്ചതിനു പിഴയായി ഫിഷറീസ് വകുപ്പ് ഈടാക്കിയത് 42.4 ലക്ഷം രൂപ. ചെറുമല്‍സ്യങ്ങളെ പിടിക്കരുതെന്ന് നിയമമുണ്ടെങ്കിലും സംസ്ഥാനത്തെ തീരക്കടലില്‍ ചെറുമല്‍സ്യക്കുരുതി നിര്‍ബാധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. അനിയന്ത്രിതമായ മല്‍സ്യബന്ധനം മൂലം ചെറുമല്‍സ്യങ്ങളുടെ നിലനില്‍പ് ഭീഷണിയിലായതോടെയാണ് മത്തി, അയല, ചൂര, കിളിമീന്‍, കേര, കടല്‍ക്കൊഞ്ച്, പരവ തുടങ്ങിയ 58 ഇനം മല്‍സ്യങ്ങള്‍ പിടിക്കുന്നതിന് കുറഞ്ഞ വലുപ്പം നിശ്ചയിച്ചു കേരള മറൈന്‍ ഫിഷിങ് റഗുലേഷന്‍ ആക്ട് പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മല്‍സ്യബന്ധനത്തിനിടയില്‍ 50%വരെ ചെറുമല്‍സ്യങ്ങള്‍ വലയില്‍പെടാന്‍ സാധ്യതയുള്ളതിനാല്‍ സമചതുരക്കണ്ണി വലകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. വലയിലകപ്പെടുന്ന ചെറുമല്‍സ്യങ്ങളെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കടലില്‍തന്നെ വിടുന്ന പതിവാണു മുന്‍പുണ്ടായിരുന്നത്. വരും കാലത്തേക്കുള്ള ഒരു നിക്ഷേപമായാണ് അവര്‍ ഇതിനെ കണ്ടത്. നിലവില്‍ 500 കുതിരശക്തി വരെയുള്ള യാനങ്ങള്‍, ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച കൂറ്റന്‍ വള്ളങ്ങള്‍ എന്നിവ ഉപരിതല മല്‍സ്യബന്ധനത്തിലൂടെ ചെറുമീനുകളെ കൂട്ടത്തോടെ വലയിലാക്കുകയാണ്.
സമീപകാലത്ത് പിടിച്ചെടുത്ത ചെറുമല്‍സ്യങ്ങളില്‍ ഏറെയും മല്‍സ്യത്തീറ്റ, വളം എന്നിവയുടെ നിര്‍മാണത്തിനായി അയല്‍ സംസ്ഥാനങ്ങളിലേക്കു കടത്തിയെന്നും കണ്ടെത്തി. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ ചെറുമല്‍സ്യക്കുരുതിക്ക് പിഴയായി ഈടാക്കിയത് 23.23 ലക്ഷം രൂപയാണ്.
Post Your Comments