പീരുമേട്: ഏലം കര്‍ഷകർക്ക് തിരിച്ചടിയായി കീടനാശിനികളുടെ വില കുതിച്ചുയരുന്നു
കാലവര്‍ഷക്കെടുതിയോടെ പ്രതീക്ഷ നശിച്ച ഹൈറേഞ്ചിലെ ഏലം കര്‍ഷകരുടെ സ്വപ്‌നങ്ങളുടെ മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കീടനാശിനി കമ്പനികളും.
ഉല്‍പ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് ഏലക്കായ്ക്ക് വിപണിയില്‍ വില ഉയര്‍ന്നതോടെ പ്രതീക്ഷ കൈവന്ന കര്‍ഷകര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് കമ്പനികള്‍ കീടനാശിനികള്‍ക്ക് കുത്തനെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പ്രധാന കാര്‍ഷിക വിളയാണ് ഏലം. ചെറിയ കാലാവസ്ഥാ വ്യതിയാനം പോലും ഏലകൃഷിയെ ബാധിക്കാറുണ്ട്. പ്രളയത്തെ തുടര്‍ന്ന് എലത്തിന്റെ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞിരുന്നു.
ഭൂമിയിലെ ജലാംശം കൂടിയതോടെ അഴുകല്‍ രോഗം ഏലം കൃഷിയെ സാരമായി ബാധിക്കുകയും ചെയ്തു. നശിച്ചചെടികളില്‍ നിന്ന് ആദായം ലഭിക്കണമെങ്കില്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും. ഇതേ തുടര്‍ന്നാണ് ഏലക്കായ്ക്ക് അല്‍പ്പം വില ഉയര്‍ന്നത്. ഇത് മുതലെടുക്കാനാണ് കീടനാശിനി കമ്പിനികളുടെ ശ്രമം. ഇടുക്കി ജില്ലയില്‍ ഏറ്റവുമധികം കീടനാശിനി ഉപയോഗിക്കുന്നത് ഏലത്തോട്ടങ്ങളിലാണ്. ഏലച്ചെടികളിലെ കീടബാധ നിയന്ത്രിക്കുന്നതിന് എക്കാലക്‌സ് ഉള്‍പ്പെടെയുള്ള ക്വിനാല്‍ ഫോസ് മരുന്നുകളാണ് ഏറ്റവുമധികം ഉപയോഗിച്ചുവരുന്നത്.
ഗുജറാത്തിലെ എക്‌സല്‍ കമ്പനിയാണ് ആദ്യം വില കൂട്ടിയത്. ലിറ്ററിന് 443 രൂപ ഉണ്ടായിരുന്ന സെല്‍ക്വിന് 569 രൂപയാണ് പുതിയ വില. കൂട്ടിയ വില ചെറുകിട കച്ചവടക്കാരിലേക്ക് എത്തുന്നതേയുള്ളു. നശിച്ച കൃഷി
കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍. ഇതിനിടെയാണ് കമ്പനികളും കര്‍ഷകരെ ദ്രോഹിച്ചുകൊണ്ട് വില ഉയര്‍ത്തിയത്. വിലവര്‍ധനവ് ഏലം മേഖലയിലെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.
Post Your Comments