നെന്മാറ: കനത്ത മഴയെ തുടർന്ന് നെല്ലിയാമ്പതി ചുരം പാതയില്‍ വീണ്ടും ഉരുള്‍പൊട്ടി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ചെറുനെല്ലി ഭാഗത്ത് ഓഗസ്റ്റ് 16ന് ഉരുള്‍പൊട്ടിയതിന്റെ സമീപത്തായാണ് വീണ്ടും ഉരുള്‍പൊട്ടിയത്. വന്‍ തോതില്‍ പാറക്കല്ലും മരങ്ങളും മൂന്നൂറ് മീറ്ററോളം ഒലിച്ചിറങ്ങി. പോത്തുണ്ടി നെല്ലിയാമ്ബതി റോഡില്‍ മരപ്പാലത്തിന് മുകള്‍ഭാഗത്ത് ചെറുനെല്ലിയിലാണ് ഉരുള്പൊട്ടലുണ്ടായത്.
വെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും നെല്ലിയാമ്ബതി ചുരം പാതയില്‍ അടിഞ്ഞുകൂടി ഇതോടെ ഇതുവഴിയുള്ള ഗതാഗാതം തടസപ്പെട്ടു.
നെല്ലിയാമ്പതിയില്‍ നിന്ന് രാവിലെ നെന്മാറയിലേക്ക് വരുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് കുടുങ്ങിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ സാഹസികമായി രണ്ടുപേര്‍ ചേര്‍ന്ന് മരങ്ങള്‍ക്ക് മുകളിലൂടെ കടത്തിയാണ് പലരും നെന്മാറയിലെത്തിയത്. ചെറുനെല്ലി ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് ചുരം പാതയില്‍ അടിഞ്ഞു കൂടിയ പാറക്കല്ലുകളും, മണ്ണും ഭാഗികമായി നീക്കി താല്‍ക്കാലികമായി ചെറുവാഹനങ്ങള്‍ കടന്നുപോകുന്ന രീതിയില്‍ ഗതാഗതം ഉച്ചയോടെ പുനസ്ഥാപിച്ചു. കനത്ത മഴയില്‍ നെല്ലിയാമ്ബതിയില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ നാലര സെന്റീ മീറ്റര്‍ ഉയര്‍ത്തി. നിലയില്‍ 0.75 സെന്റീ മീറ്റര്‍ ഷട്ടര്‍ തുറന്നിരുന്നു.
Post Your Comments