തിരുവനന്തപുരം: വയലിനില്‍ വിസ്മയം തീര്‍ത്ത യുവ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അന്തരിച്ച ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വച്ചു.
അന്തിമോപചാരം അര്‍പ്പിക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും അല്ലാത്തവരുമായി നിരവധിപ്പേരാണ് എത്തിയത്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും ഒരു മടങ്ങി വരവ് ആഗ്രഹിച്ചിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍. രണ്ടുദിവസമായി ആശുപത്രിയില്‍നിന്നു ശുഭസൂചനകള്‍ പുറത്തുവന്നിരുന്നതു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.56ന് മകള്‍ക്കൊപ്പം വിടപറഞ്ഞു. .
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ബാല ഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. .
മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി സപ്തംബര്‍ 23നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകര്‍ത്തു പുറത്തെടുത്ത തേജസ്വിനിയെ പോലീസ് വാഹനത്തില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. .
Leave a Comment