Latest NewsInternational

സുനാമി: ഇന്തോനേഷ്യയില്‍ മരണം 832

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂചലനത്തെ തുടര്‍ന്നുണ്ടായ മരണ സംഖ്യ ഉയര്‍ന്നു. രാജ്യത്തെ സുലവേസില്‍ വെളളിയാഴ്ച ഉണ്ടായ സുനാമിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 832 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സുനാമിയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അടിയില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് മരണസംഖ്യ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഭൂകമ്പത്തിനു പിന്നാലെയാണ് ഇവിടെ സുനാമിയും രൂപപ്പെട്ടത്. സുനാമിയില്‍ ഇന്തോനേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ തീരത്തേക്ക് ആഞ്ഞടിച്ച തിരമാലകള്‍ ഇരുപത് അടിയില്‍ അധികം ഉയര്‍ന്നിരുന്നു. ഇതോടെ ജനങ്ങള്‍ വിവിധ ഭാഗങ്ങളിലായി ചിതറി പോവുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. പാലു നഗരത്തില്‍ നിരവധിയാളുകള്‍ ഇനിയും മണ്ണില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണുള്ളത്. ഇവരില്‍ എത്ര പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ സാധിച്ചിട്ടില്ല.

പാലുവില്‍ ഭൂകമ്പത്തിനു ശേഷം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍ വലിക്കുകയായിരുന്നു. ഇതോടെ ജനങ്ങള്‍ അപകടമേഖലയില്‍ തുടര്‍ന്നത് മരണസംഖ്യ ഉയര്‍ത്താന്‍ ഇടയാക്കി. വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ സുനാമിത്തിരയില്‍ തകര്‍ന്നടിഞ്ഞതോടെ പാലുവില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള ഡോണഗ്ഗലയിലെ നാശനഷ്ടങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഇല്ല. പല കെട്ടിടങ്ങള്‍ക്ക് അടിയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചുള്ള നിലവിളികള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button