Latest NewsArticle

പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കപ്പെടുന്നോ? ഉണ്ണി മാക്സ് എഴുതുന്നു

ഉണ്ണി മാക്സ്

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പാരിസ്ഥിതിക സമരങ്ങളില്‍ ഒന്നായിരുന്നു പ്ലാച്ചിമട സമരം. സമരങ്ങൾ അതിനു മുൻപും ശേഷവും ഉണ്ടായെങ്കിലും അത്തരം സമരങ്ങളെ പ്ലാച്ചിമട സമരങ്ങൾക്ക് മുന്പെന്നും ശേഷമെന്നും തന്നെ രണ്ടു ഗാനത്തിൽ പെടുത്താം. കൊക്കക്കോള പ്ലാൻറ് 2000ൽ പ്രവർത്തനമാരംഭിച്ചതോടെ പ്ലാച്ചിമടയിൽ കുടിവെള്ളത്തിൻറെ ക്ഷാമവും മലിനീകരണവും കാരണം ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തിരുന്നു. കൃഷിക്ക് പ്രാധാന്യമുള്ള ഈ പ്രദേശത്ത് ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്താണ് പ്ലാന്റ് പ്രവർത്തിച്ചു കൊണ്ടിരുന്നത്, അതുകൊണ്ടു തന്നെ പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ പ്രദേശത്തെ കിണറുകളെയും മറ്റ് കുടിവെള്ള സ്രോതസ്സുകളെയും പ്രതികൂലമായി ബാധിച്ചു.എന്നാൽ പ്ലാച്ചിമടയ്ക്കെതിരെ ജനകീയ സമിതിയുടെയും പരിസ്ഥിതി പ്രേമികളുടെയും പ്രതിഷേധം ശക്തിപ്പെട്ടതിൻറെ ഫലമായി 2004ൽ ഫാക്ടറി അടച്ചുപൂട്ടി.

ഇപ്പോൾ എന്തിനാണ് വീണ്ടും പ്ലാച്ചിമട ഓർത്തത് എന്നാൽ, പ്ലാച്ചിമടയുടെ കേവലം ഇരുപതുകിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമാണ് എലപ്പുള്ളി. അവിടയാണ് ഇപ്പോള്‍ വർഷം അഞ്ചുകോടി ലിറ്റര്‍ ബിയര്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തത്. പ്രതിദിനം ആവശ്യമുള്ളത് ഉദ്ദേശം രണ്ടരലക്ഷത്തിനു മേല്‍ ലിറ്റർ വെള്ളം. ഭൂഗർഭ ജല വകുപ്പിനോടു ആലോചിക്കാതെയുള്ള സർക്കാരിന്റെ ഏകപക്ഷീയ തീരുമാനമാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡിസ്റ്റിലറിക്കെതിരെ ഡിസിസിയുടെ പ്രമേയവും പാസാക്കിയിട്ടുണ്ടെന്നു വി.ടി ബാലറാം എംഎല്‍എയും പറയുന്നു.

ഭൂഗർഭ ജലവിതാനം താഴ്ന്നപ്പോള്‍ ജലചൂഷണത്തിനെതിരെ പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി കമ്പനി താഴിട്ടുപൂട്ടിയവര്‍ ഇന്ന് ആ കഥകളൊക്കെ മറന്നു. കോടതി ഉത്തരവുകളുടെ പേരിൽ കമ്പനി നടത്തുന്ന ജലചൂഷണം അനുവദിക്കില്ലെന്നാണ് എം.ബി.രാജേഷ് എം പി അന്ന് സമരത്തില്‍ പ്രഖ്യാപിച്ചത്. ജല ദൗർലഭ്യം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളി എന്നാ കാര്യവും ഇവര്‍ക്ക് അറിയാത്തതാവില്ലല്ലോ? അപ്പോൾ പരിസ്ഥിതി എന്നത് രാഷ്ട്രീയവുമായി ചേർത്ത് വായിക്കേണ്ട ഒരു കാര്യമാകുന്നു. തങ്ങളുടെ രാഷ്ട്രീയത്തിന്റെ എതിർവശത്തെ നിന്ന് നോക്കുമ്പോൾ എതിർക്കുന്നവർ തന്നെ സ്വന്തം ചേരിയിൽ വരുമ്പോൾ അത് നല്ല കാര്യമാകുന്നത് അല്ലെങ്കിലും ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ.

രാഷ്ട്രീയം ഏതായാലും പരിസ്ഥിതിയാണ് പ്രശ്നം. ഊറ്റിക്കളയുന്ന ജലത്തിന്റെ കണക്കുകൾ ആരും എടുക്കാനില്ലെങ്കിലും അത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാവുന്ന ഒരു ജനതയുടെ അടുത്ത സമരത്തിനും കേരളത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. ബിയർ നിർമ്മാണം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറക്കുമ്പോൾ , അതിൽ അഴിമതി മാത്രമല്ല ചർച്ചയാക്കേണ്ടത്, തീർത്തും ഒഴിവാക്കാൻ കഴിയാത്തത് പരിസ്ഥിതിയുടെ ഇത്തരം അവസ്ഥകളെ തന്നെയാണ്. വൻ തോതിൽ ഭൂഗർഭജലം ഊറ്റിയെടുക്കുമ്പോഴുള്ള പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായി പേടിക്കുകയും അതിന്റെ പരിഹാരങ്ങൾ മുൻകൂട്ടി കാണുകയും ചെയ്തിട്ട് വേണം ഇത്തരം അതി ഗൗരവമേറിയ കാര്യങ്ങൾക്ക് ഇറങ്ങി തിരിക്കാൻ, പക്ഷെ യാഥരു വിധ മുന്നൊരുക്കങ്ങളും ഇതിനില്ല എന്ന് കാണുമ്പൊൾ എവിടെയോ വീണ്ടുമൊരു ആപത്ത് മണക്കുന്നു! അഴിമതിയുടെ രാഷ്ട്രീയം മാത്രമല്ല അതിലും അപകടം പരിസ്ഥിതിയുടെ രാഷ്ട്രീയമാണെന്നു ഇക്കഴിഞ്ഞ മാസം പ്രകൃതി തന്നെ കാണിച്ചു തന്നതാണ്.

ഇടതു പക്ഷത്തിന്റെ മദ്യ നയത്തെ കുറിച്ച് പ്രതിപക്ഷം സംസാരിക്കുന്നുണ്ട് എന്നതിനാലും അതിലെ പാരിസ്ഥിതിക പ്രശ്നം മാത്രമാണ് പറയാൻ ഉദ്ദേശിച്ചത് എന്നതിനാലും മദ്യം നയമോ അതിന്റെ സാംഗത്യമോ കോടികളുടെ ബിസിനസ്സോ ഇവിടെ വിഷയമാക്കാൻ ഉദ്ദേശിക്കുന്നില്ല. പഴയ വൈന്‍ പുതിയ കുപ്പിയില്‍ വരുമ്പോള്‍ ഇനി തീരുമാനം എലപ്പുള്ളിയിലെ സാധാരണക്കാരുടേതാണ്. അത് നിലവില്‍ കൃഷിക്കുള്ള വെള്ളത്തിനും കുടിവെള്ളത്തിനും വരെ ബുദ്ധിമുട്ടുന്ന അവർ തന്നെ തീരുമാനിക്കട്ടെ!

shortlink

Related Articles

Post Your Comments

Related Articles


Back to top button