ദമ്മാം•മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന മുതിർന്ന നേതാവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ സൈഫുദ്ദീന്, നവയുഗം സാംസ്ക്കാരികവേദി വികാരനിർഭരമായ യാത്രയയപ്പ് നൽകി.
നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റി പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച്, നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം സൈഫുദ്ദീന് നവയുഗത്തിന്റെ ഉപഹാരം കൈമാറി.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണി പൂച്ചെടിയൽ, ഹനീഫ വെളിയംകോട്, മിനി ഷാജി, സുമി ശ്രീലാൽ, നിസ്സാം കൊല്ലം, ശ്രീലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇത്രയും കാലം തനിയ്ക്ക് ജീവിതം നൽകിയ ഈ രാജ്യത്തോടുള്ള കടപ്പാട് മറക്കാൻ കഴിയില്ലെന്ന് സൈഫുദ്ദീൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിന് നവയുഗം ദമ്മാം സിറ്റിമേഖല സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ സ്വാഗതവും, മേഖല വൈസ് പ്രസിഡന്റ് സലാം നന്ദിയും പറഞ്ഞു.
തിരുവനന്തപുരം കണിയാപുരം സ്വദേശിയായ സൈഫുദീൻ 1981ലാണ് പ്രവാസിയായി സൗദി അറേബ്യയിൽ എത്തിയത്. സൗദി അറേബ്യൻ സമൂഹത്തിന്റെ ചരിത്രപരമായ വളർച്ച നേരിട്ട് കണ്ട, നീണ്ട 37 വർഷത്തെ പ്രവാസത്തിനിടയിൽ, വിവിധ കമ്പനികളിൽ ഡ്രൈവർ മുതൽ പർച്ചേസ് മാനേജർ വരെയുള്ള പോസ്റ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ മടങ്ങാനുള്ള തീരുമാനമെടുത്തത്. നവയുഗത്തിന്റെ സജീവപ്രവർത്തകനും, ദമ്മാം മേഖല വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം, ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക,ജീവകാരുണ്യമേഖലകളിൽ നിത്യസാന്നിധ്യമായിരുന്നു.
സ്വന്തമായി എന്തെങ്കിലും ബിസിന നടത്തി, ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നാട്ടിൽ ശിഷ്ടജീവിതം നയിയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Post Your Comments