സുപ്രീംകോടതി കോടതി വിധി ചൂണ്ടിക്കാണിച്ച് അവിഹിത ബന്ധം ന്യായീകരിച്ചു: ഭാര്യ ജീവനൊടുക്കി
ചെന്നൈ• ഭര്‍ത്താവ് തന്റെ അവിഹിത ബന്ധം സുപ്രീം കോടതിയുടെ ഈ വിധി ചൂണ്ടിക്കാട്ടി ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ചെന്നൈയിലെ എം.ജി.ആര് നഗറില്‍ താമസിക്കുന്ന പുഷ്പലത (24)ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്ലിനെ(27) തിരെ കോടതി വിധി പ്രകാരം ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ജോണ്‍ പോളിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പുഷ്പലത സംശയിച്ചിരുന്നു. ഇതേചൊല്ലി ഇരുവരും വഴക്ക് പതിവായിരുന്നു. കഴിഞ്ഞദിവസവും ഇരുവരും വഴക്കിട്ടിരുന്നു. ഈ ബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. എന്നാല്‍ വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്ത പുഷ്പലത വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യന്ന ജോണ്‍ പോളും നേശപാക്കം ഭാരതീ നഗര്‍ സ്വദേശിയായ പുഷ്പലതയും രണ്ടു വര്‍ഷം മുന്‍പാണു പ്രണയിച്ച് വിവാഹിതരായത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. അടുത്തിടെ പുഷ്പലതയ്ക്ക് ക്ഷയ രോഗം കണ്ടെത്തിയ ശേഷം ഭര്‍ത്താവ് തന്നില്‍നിന്നു അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. സാമ്പത്തികമായും സഹായിച്ചിരുന്നില്ല.
മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് ഇയാളുടെ സുഹൃത്തുക്കള്‍ പുഷ്പലതയെ അറിയിച്ചിരുന്നു. അന്നുമുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. അടുത്തിടെ ജോണ്‍ വൈകി വീട്ടിലെത്തുന്നത് പതിവായതോടെ പുഷ്പലതയുടെ സംശയവും വര്‍ദ്ധിച്ചു.
ശനിയാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിലാണ് പുഷ്പലതയുടെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ജോണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
വിവാഹേതര ബന്ധം ആത്മഹത്യയിലേക്ക് നയിച്ചാല്‍ ഉത്തരവാദിയായ പങ്കാളിയ്ക്കെതിരെ കേസെടുക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് എം.ജി.ആര് പോലീസ് സ്റ്റേഷന് അറിയിച്ചു.
Post Your Comments