തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി. ബാലഭാസ്കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. എന്നാല്‍, പൂര്‍ണമായി ബോധം വീണിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബാലഭാസ്കറിന്റെ വലതുകാല്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലാണ് മെഡിക്കല്‍ സംഘം.
വെന്റിലേറ്ററിലാണ് ബാലഭാസ്കര്‍. രക്തസമ്മര്‍ദം സാധാരണനിലയായി. ശനിയാഴ്ച രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാന്‍ കഴിഞ്ഞു. ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്. ഇതിലും ഗുണപരമായ മാറ്റമുണ്ടായാല്‍ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ഡ്രൈവര്‍ അർജുന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു.
ഏക മകള്‍ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ്കറിനെയും ലഷ്മിയേയും ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.ഇതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്കറിനെ ചികിത്സിക്കാനായി ഡല്‍ഹി എയിംസിലെ ഡോക്ടറെത്തുമെന്നാണ് റിപ്പോർട്ട്. എയിംസിലെ ന്യൂറോ സര്‍ജനെ അയയ്ക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതായി ശശി തരൂര്‍ എംപി പറഞ്ഞു.
Post Your Comments