തിരുവനന്തപുരം: കാര്‍ മരത്തിലിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നു മുതല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. ഇന്നു വൈകിട്ട് ഇതു സംബന്ധിച്ച ആദ്യ വാര്‍ത്തക്കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിറക്കുമെന്നാണു വിവരം. അബോധാവസ്ഥയില്‍ തുടരുന്ന ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മര്‍ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്.
ഇന്നലെ പിതാവ് എത്തി വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നിരുന്നു. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മി അപകടനില തരണം ചെയ്തു. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ അര്‍ജുന്റെ ആരോഗ്യനില തൃപ്തികരമാണ്. മകൾ മരിച്ച വിവരം ബാലഭാസ്കറിന് അറിയില്ല. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്.
ബാലഭാസ്‌ക്കറിനെയും ലക്ഷ്‌മിയേയും കാണിച്ചതിന് ശേഷം മാത്രമേ തേജ്വസിനിയുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ എന്ന് കുടുംബക്കാര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് വ്യാഴാഴ്‌ചതന്നെ സംസ്‌കാരം നടത്തിയത്. ബുധനാഴ്‌ച പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത മൃതദേഹം എംബാം ചെയ്‌ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.ലക്ഷ്മിക്കു ബോധം തെളിഞ്ഞിരുന്നെങ്കിലും മൃതദേഹം കാണിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനു സാരമായി പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു
Post Your Comments