ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും ശക്‌തനായ നേതാവിന്റെ ഇടനെഞ്ച് തകര്‍ന്ന വെടിയൊച്ച മുഴങ്ങിയിട്ട് ഇന്ന് എഴുപതു വര്‍ഷം തികയുന്നു… ഗാന്ധിജിയെന്ന ജ്‌ഞാന വൃദ്ധന്‍ പുതുതലമുറയ്‌ക്ക് വഴിവക്കില്‍ നില്‍ക്കുന്ന പ്രതിമയിലൂടെയും ചില സ്‌ഥലപ്പേരുകളിലൂടെയും, മൂല്യമുള്ള നോട്ടുകളിലൂടെയും, തപാല്‍ സ്‌റ്റാമ്പുകളിലൂടെയുമാണ് പരിചിതന്‍. എന്നാല്‍ ‘ഗാന്ധി’യെന്ന രണ്ടക്ഷരം പേരിന്റെ പിന്നില്‍ ചേര്‍ത്ത് ഒരു കുടുംബം ഈ രാജ്യം ഭരിച്ചത് അറുപത് കൊല്ലത്തിലധികമാണ്. അഹിംസയും, സത്യഗ്രഹവും ആയുധമാക്കി സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം എന്നു ഭയഭക്‌തിയോടെ വിശേഷിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തെ തോല്‍പ്പിച്ച് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വതന്ത്രമായിട്ട് എഴുപത്തിയൊന്ന് വര്‍ഷമായി… കടന്നുപോയ ഏഴു പതിറ്റാണ്ടിലും ചര്‍ച്ചയായതും തിളങ്ങിനിന്നതും ഗാന്ധിജിയുടെ നേതൃപാടവം തന്നെയായിരുന്നു. അഹിംസ ആയുധമാക്കിയും ക്ഷമ യുദ്ധതന്ത്രമാക്കിയും നേടിയെടുത്ത സ്വാതന്ത്ര്യത്തിന് ഇന്ന് നാം അനുഭവിക്കുന്നതിനെക്കാളും സന്തോഷമുണ്ടായിരുന്നു അന്ന്. അഹിംസാത്മകമായ ജീവിതദര്‍ശനങ്ങളില്‍ ഗാന്ധിജി ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് സത്യഗ്രഹത്തിനായിരുന്നു. ജനതയെ മുമ്പില്‍നിന്ന് നയിക്കുകയെന്നതാണ് ഒരു നേതാവിന്റെ ചുമതല. എന്നാല്‍ ഗാന്ധിജി തന്റെ ജനങ്ങള്‍ക്ക് മുമ്പില്‍നിന്നു നയിക്കുന്ന ഒരു നേതാവ് മാത്രമല്ല, തന്റെ ഒപ്പം സഞ്ചരിച്ച ജനങ്ങളുടെ കാവലാളും കൂടിയായിരുന്നു. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ലളിത ജീവിതം നയിക്കുകയും ചെയ്‌തതാണ് ഗാന്ധിജിയെ മറ്റുനേതാക്കളില്‍ നിന്നു വ്യത്യസ്‌നാക്കിയത്. 1869 ഒക്‌ടോബര്‍ 2ന് ഗുജറാത്തില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായിയുടെയും മൂന്നുപുത്രന്മാരില്‍ ഇളയവനായി ജനനം. ബാല്യത്തില്‍ ഭീരുവായിരുന്ന ഗാന്ധി കടുത്ത രാമഭക്‌തനുമായിരുന്നു. വളര്‍ച്ചയുടെ ഓരോഘട്ടത്തിലും സ്വീകരിച്ച നിലപാടുകള്‍, വായിച്ച പുസ്‌തകങ്ങള്‍ സ്വാധീനിച്ച വ്യക്‌തികള്‍ എന്നിവയില്‍ ഉണ്ടായ മാറ്റം മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഇന്ത്യയുടെ ‘രാഷ്‌ട്രപിതാ’വായി ചരിത്രം പിന്നീട് രേഖപ്പെടുത്തുന്നതിലേക്കു നയിച്ചു.
ഈ തലമുറ ചരിത്ര പുരുഷനെ മറന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിത്തുടങ്ങുമ്പോള്‍ ചരിത്രം തിരുത്തലുകള്‍ക്ക് വഴിതെളിക്കുന്നു. ഉപ്പില്‍ നിന്നും പൂര്‍ണസ്വരാജിലേക്ക് കാലെടുത്ത് വച്ച ദണ്ഡിയാത്രയ്‌ക്ക് അര്‍ഥമില്ലാതെയാകുന്നു. എന്തിന് നികുതി നല്‍കില്ലായെന്നു തീരുമാനിച്ചോ അതിന് ഇന്നു നാം നികുതി നല്‍കി വാങ്ങേണ്ടി വരുന്നു. മാതൃഭാഷാ പഠനത്തിന്റെ മഹത്വത്തെകുറിച്ച് 1928 ജൂലൈ 5ന് ‘യങ് ഇന്ത്യ’യില്‍ ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ഇവയാണ്. ‘മാതൃഭാഷാനിരാസം ചിന്താപരമായ മുരടിപ്പുണ്ടാക്കുന്നു, ധിഷണാശാലികള്‍ക്കു പകരം അക്ഷരം വിഴുങ്ങികളെയും അനുകരണക്കാരെയും ഉല്‍പ്പാദിപ്പിക്കുന്നു’ ഈ കാലഘട്ടത്തെ ശരിവക്കുന്ന വാക്കുകള്‍. മാതൃഭാഷയെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളായി വീണ്ടും നാം മാറിക്കൊണ്ടിരിക്കുന്നു. കുട്ടി പട്ടിക്കൂട്ടില്‍ കിടാന്നാലും വേണ്ടില്ല ഇംഗ്ലീഷ് പറഞ്ഞാമതി എന്ന രീതിയിലേക്ക് നമ്മുടെ മാതൃഭാഷയെ നാം നശിപ്പിക്കുന്നു. ഗാന്ധിജിയടങ്ങുന്ന സമരനായകന്മാരെല്ലാം സമരത്തെ മുന്നില്‍ നിന്നു നയിച്ചവരാണ്. എന്നാല്‍ ഇന്നത്തെ കാലത്തെ റാലികള്‍ ശ്രദ്ധിക്കണം ഏറ്റവും പിന്നില്‍ അലങ്കരിച്ച രഥത്തിലാണ് നേതാക്കളുടെ സ്‌ഥാനം. മുന്നില്‍ ഇനം തിരിച്ച ജനങ്ങളും… ഇതിനെ നയിക്കല്‍ എന്നല്ലാ ആട്ടിത്തെളിക്കല്‍ എന്നെ പറയാനാവൂ. എല്ലാ ജാതിയെയും ഒരുപോലെ കാണുകയും എല്ലാ മതഗ്രന്ഥങ്ങളും വായിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്‌തിരുന്നു ഗാന്ധി. എന്നാല്‍ ഈ കാലഘട്ടത്തില്‍ മതത്തിന്റെ പേരില്‍ രൂപപ്പെടുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ തുടങ്ങി മതഗ്രന്ഥങ്ങള്‍ എന്തെന്നുപോലും അറിയാത്ത എന്നാല്‍ മതത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്ന കുറെ ഭ്രാന്തുപിടിച്ച ജനങ്ങളും. കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും ഗാന്ധിജി കണ്ടിട്ടില്ല. എന്നതു ശരിതന്നെയാണ് പക്ഷേ അവ ഭരിക്കുന്ന ലോകത്ത് എന്തൊക്കെ സൂക്ഷിച്ച് വയ്‌ക്കണം, എന്തിലെല്ലാം ഊന്നി നിന്നുവേണം ഭാവിയെക്കുറിച്ചു സ്വപ്‌നം കാണുവാന്‍ എന്നു തീരുമാനിക്കുന്നിടത്താണ് ഇന്ന് ഗാന്ധിദര്‍ശനം പ്രസക്‌തമാക്കുന്നത്.
1913- 14 കാലഘട്ടത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് ഗാന്ധിജി കടന്നു വരുന്നത്. എന്നാല്‍ താന്‍ ഇന്ത്യയ്‌ക്കായി കണ്ട മാനവികത കോണ്‍ഗ്രസ് ഭരിച്ച് മുടിപ്പിക്കും എന്ന ദീര്‍ഘവീക്ഷണമാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടതും. 1947 ആഗസ്‌റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യമാഘോഷിക്കുമ്പോളും ഗാന്ധി പറഞ്ഞത് ‘ഞാന്‍ ഇരുട്ടിലാണ്’ എന്നാണ്. രണ്ട് മതങ്ങളും, ദൈവങ്ങളും മാനവികതക്കു പുറത്ത് സൃഷ്‌ടിച്ച ഇരുട്ട് .എന്നാല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ മതേതരത്വം ശക്‌തിപ്പെടുമോ എന്ന് പാകിസ്‌ഥാന്‍ ഭയപ്പെട്ടിരുന്നു. ഗാന്ധിജി കപടഹിന്ദുവാണെന്ന ധാരണ ഗോഡ്‌സെയെ അദേഹത്തിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കാന്‍ പ്രേരിപ്പിച്ചു. നെഞ്ചിലേക്ക് മൂന്നുവട്ടം വെടിയുണ്ടകള്‍ പാഞ്ഞുകയറി നിലത്ത് വീണു പിടയുമ്പോളും റാം…റാം… എന്ന പ്രാര്‍ഥനയോടെ 1948 ജനുവരി 30ന് ഒരു മഹാചരിത്രം അവിടെ അവസാനിക്കുകയായിരുന്നു. കാലങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ലോകം ഗാന്ധിജിയിലേക്കും, ഇന്ത്യ ഗോഡ്‌സെയിലേക്കും മാറുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളെ ഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തങ്ങളും, അഹിംസാ സിദ്ധാന്തങ്ങളും ആകര്‍ഷിക്കുമ്പോള്‍ ഗാന്ധിയുടെ മണ്ണില്‍ ആക്രമണവും, കൊള്ളയും സ്‌ത്രീപീഡനവും നിത്യ സംഭവങ്ങളായിക്കൊണ്ടിരിക്കുന്നു. വിന്‍സ്‌റ്റന്‍ ചര്‍ച്ചിലിന്റെ ലണ്ടനിലെ പാര്‍ലമെന്റില്‍ ചത്വരത്തില്‍ ഗാന്ധിയുടെ വെങ്കലപ്രതിമ ചിരിച്ച് ഇരിക്കുമ്പോള്‍ ഇന്ത്യന്‍ നാഷാണല്‍ കോണ്‍ഗ്രസില്‍ ഗാന്ധിജിയും ഗാന്ധിസവും ഇല്ലാതായികൊണ്ടിരിക്കുന്നു… ഗോമാതാവിനെ പൂജിക്കുമ്പോള്‍ ക്ലാവ് പിടിച്ച് കിടക്കുന്ന പ്രതിമയെ ഇടക്കെങ്കിലും ഓര്‍ക്കുക…കാരണം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്രധാന ആയുധങ്ങളായ സത്യഗ്രഹവും, അഹിംസയും ഈ മഹാത്മാവ് ലോകത്തിന് നല്‍കി കഴിഞ്ഞിരിക്കുന്നു… അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ ഗൗരി ലങ്കേഷ് എന്ന പത്രപ്രവര്‍ത്തക വീട്ടുമുറ്റത്ത് വധിക്കപ്പെട്ട പോലെയുള്ള സംഭവങ്ങള്‍ നിത്യവും അരങ്ങേറുന്ന നമ്മുടെ നാട്ടില്‍ രാഷ്‌ട്രപിതവിന്റെ അഹിംസാ സന്ദേശത്തിന് ചെവിയോര്‍ക്കേണ്ട സമയമായി എന്നുകൂടി ഒര്‍മ്മിപ്പിക്കുന്നു.
Post Your Comments